കൊച്ചി: ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ ശേഖര്‍ (51) അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ആയിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ചികിത്സയിലായത്. തികഞ്ഞ വാഗ്മിയായ ശേഖര്‍ മൂന്നു വട്ടം നിയമസഭയിലേയ്ക്കും ജില്ലാ കൗണ്‍സിലിലേക്കും മത്സരിച്ചിട്ടുണ്ട്. 2001ല്‍ തിരുവനന്തപുരം ഈസ്റ്റില്‍നിന്നും 1996ല്‍ തിരുവനന്തപുരം വെസ്റ്റില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വിശ്രമമില്ലാത്ത പ്രവര്‍ത്തനമായിരുന്നു. അതിനിടെ കരമനയിലെ പ്രചാരണത്തിനിടെ ശേഖര്‍ കുഴഞ്ഞുവീണു. ഉടനെ തന്നെ എറണാകുളത്ത് വിദഗ്ദ്ധ പരിശോധനയ്ക്ക് കൊണ്ടുപോയി. പിന്നീട് തിരുവനന്തപുരത്ത് എത്തിച്ച ശേഖറിന് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു. തിങ്കളാഴ്ച വീണ്ടും ആസ്പത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. ശേഖര്‍ ആസ്പത്രിയിലായതോടെ ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ അവസാനത്തെ രണ്ടു ദിവസത്തെ പ്രചാരണത്തിനിറങ്ങി. കുമ്മനം 1987ല്‍ തിരുവനന്തപുരം ഈസ്റ്റ് നിയോജകമണ്ഡലത്തില്‍നിന്ന്‌നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ശേഖര്‍ ആസ്പത്രിയിലായതുകാരണം തിരഞ്ഞെടുപ്പിനുശേഷമുള്ള മാധ്യമചര്‍ച്ചകളില്‍ ബി.ജെ.പിയുടെ കരുത്തനായ പ്രതിനിധിയുടെ അഭാവമാണുണ്ടായത്.
Discussion about this post