തിരുവനന്തപുരം: വന്‍കിട ഉപയോക്താക്കളുടെ പ്രതിമാസ വൈദ്യുതി ബില്‍ നിര്‍ണയിക്കുന്ന ഫോര്‍മുല തയ്യാറാക്കിയതിലെ പിഴവു നിമിത്തം കെ.എസ്.ഇ.ബിക്ക് 60 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചു. 2010 ജനവരി മുതല്‍ 2011 മാര്‍ച്ച് വരെയുള്ള 13 മാസത്തിനിടയിലാണിത്.
ബില്ലിങ് രീതിയില്‍ മാറ്റം വരുത്തിയതിനാല്‍ 2010 ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസത്തിനിടെ മാത്രം 14.11 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ബോര്‍ഡ് കണക്കാക്കിയിട്ടുള്ളത്. ബില്ലിങ് സംബന്ധിച്ച വിശദീകരണം നല്‍ക്കുന്നതിന് ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് ബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ കണക്കുപ്രകാരം പ്രതിമാസ നഷ്ടം 4.7 കോടി രൂപയാണ്. ഈ ബില്ലിങ് സംവിധാനം നിലവിലുണ്ടായിരുന്ന 2010 ഡിസംബര്‍ വരെയുള്ള കണക്കു നോക്കുമ്പോള്‍ നഷ്ടം 56 കോടി രൂപയോളമായി മാറി.
ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കളുടെ ബില്ലിങ് ഫോര്‍മുല ലളിതവത്കരിക്കണമെന്ന് 2009 ഡിസംബര്‍ രണ്ടിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവായിരുന്നു. ഉപയോക്താക്കളുടെ ആവശ്യപ്രകാരമായിരുന്നു ഈ ഉത്തരവ്. ഇതേത്തുടര്‍ന്ന് കേരളത്തിലുള്ള എല്ലാ വ്യവസായ സ്ഥാപനങ്ങളുടെയും ഒരു വര്‍ഷത്തെ പ്രതിമാസ വൈദ്യുതി ഉപയോഗം കണക്കാക്കിയ ബോര്‍ഡ് പുതിയ ഫോര്‍മുല തയ്യാറാക്കി നല്‍കി. ഉപയോക്താക്കളുമായി ആലോചിച്ച ശേഷം കമ്മീഷന്‍ ഈ ഫോര്‍മുലയില്‍ ചെറിയ മാറ്റം വരുത്തി അംഗീകരിച്ചു. ആറു മാസം നിരീക്ഷിച്ച ശേഷം പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കാം എന്ന് അപ്പോള്‍ കമ്മീഷന്‍ പറഞ്ഞിരുന്നു.
വരുമാനത്തില്‍ കുറവുണ്ടായതായി കണ്ടതിനെത്തുടര്‍ന്ന് 2010 ജുലായ് 21ന് ബോര്‍ഡ് വീണ്ടും കമ്മീഷനെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കമ്മീഷന്‍ നിരക്കുകള്‍ പരിഷ്‌കരിച്ചുകൊണ്ട് 2010 ഡിസംബര്‍ എട്ടിന് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് 2011 ജനവരി ഒന്നു മുതല്‍ ബോര്‍ഡ് നടപ്പാക്കി. ഇതിനു ശേഷമുള്ള മൂന്നു മാസത്തിലും 4.62 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതോടെ ആകെ നഷ്ടം 60 കോടി കവിഞ്ഞു.
വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെയുള്ള പീക്ക് ടൈമില്‍ ഉപയോഗിക്കപ്പെടുന്ന വൈദ്യുതിയുടെ 40 ശതമാനവും വന്‍കിടക്കാരുടെ അക്കൗണ്ടിലാണ് വരുന്നത്. പീക്ക് സമയത്ത് വന്‍കിട ഉപയോക്താക്കളുടെ വൈദ്യുതി ഉപയോഗം അനുവദനീയ പരിധിയിലധികമായാല്‍ അതിന് പിഴ ഈടാക്കുന്ന ടൈം ഓഫ് ഡേ മീറ്റര്‍ സംവിധാനം 2009 ഡിസംബര്‍ 31 വരെ നിലവിലുണ്ടായിരുന്നു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയുള്ള നോര്‍മല്‍ ടൈമില്‍ ഇവര്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് ആനുപാതികമായി പീക്ക് ടൈമിലെ പിഴ കണക്കാക്കി. എന്നാല്‍, ബില്ലിങ് ഫോര്‍മുല മാറിയപ്പോള്‍ പിഴ ഒഴിവാകുന്ന സ്ഥിതി വന്നു.
Discussion about this post