
ശ്രീനഗര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ച അമര്‍നാഥ് തീര്‍ത്ഥയാത്ര പുനരാരംഭിച്ചു. തിങ്കളാഴ്ച രാവിലെയാണ് യാത്ര പുനരാരംഭിച്ചത്. ബാല്‍ത്തല്‍, പഹല്‍ഗാം എന്നീ വഴികളിലൂടെയാണ് തീര്‍ത്ഥാടകര്‍ അമര്‍നാഥിലെത്തുന്നത്.
കനത്ത മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നാണ് യാത്ര നിര്‍ത്തി വച്ചത്. ബാല്‍ത്തലിലെയും നുന്‍വാനിലെയും ബേസ് ക്യാമ്പിലാണ് തീര്‍ത്ഥാടകര്‍ ഈ സമയം താമസിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ആദ്യ ബാച്ച് അമര്‍നാഥിലേക്ക് പുറപ്പെട്ടത്.
തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 60 ദിവസമാണ് ഇത്തവണ അമര്‍നാഥ് തീര്‍ത്ഥാടനം ഉള്ളത്. ഓഗസ്ത് 26ന് യാത്ര സമാപിക്കും. ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രക്കു വേണ്ടി ഇന്നലെ വരെ രണ്ടു ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2.60ലക്ഷം തീര്‍ത്ഥാടകരാണ് അമര്‍നാഥ് യാത്ര നടത്തിയത്. 40000ത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായി നിലകൊള്ളുന്നുണ്ട്. യാത്ര വഴികളിലെല്ലാം തന്നെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.












