പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ പമ്പയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി പൊലീസ്. നാളെ രാവിലെയോടെ പമ്പ, നിലയ്ക്കല്‍,എരുമേലി എന്നിവിടങ്ങളില്‍ പൊലീസിനെ വിന്യസിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും നിലയ്ക്കലിലും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇന്ന് വൈകിട്ടോടെ തന്നെ പമ്പയിലും നിലയ്ക്കലിലും എരുമേലിയിലും വന്‍തോതില്‍ പൊലീസിനെ വിന്യസിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുന്നത് അടക്കമുള്ള സമരമുറകളിലേക്ക് നീങ്ങിയതോടെ പൊലീസ് ആസ്ഥാനത്തെ എഡിജിപി അനില്‍ കാന്തിനോട് ഉടന്‍ നിലയ്ക്കലിലേക്ക് പോകാന്‍ ഡിജിപി നിര്‍ദേശിച്ചു.
ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കും കെ എസ് ആര് ടി സി ബസുകള്‍ക്കും പൂര്‍ണ സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും ഇന്ന് വൈകുന്നേരത്തോടെ ശക്തമായ രീതിയില്‍ പൊലീസ് വിന്യാസം പൂര്‍ത്തിയാക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
Discussion about this post