ബാംഗ്ലൂര്‍: എല്ലാ മതങ്ങളിലെയും പുരോഹിതസംഘം അഴിമതിക്കാരായ രാഷട്രീയക്കാരുമായി സഖ്യത്തിലാണെന്ന് സ്വാമി അഗ്‌നിവേശ് അഭിപ്രായപ്പെട്ടു. ബാംഗ്ലൂരില്‍ ബസവസമിതി സംഘടിപ്പിച്ച ബസവേശ്വര ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ജാതി, മത നേതാക്കളും അഴിമതിക്കാരും തമ്മിലുള്ള കൂട്ടുകെട്ടിനെ പ്രമുഖ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകനായ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്.
സാമ്പത്തിക അസമത്ത്വമില്ലാത്തതും ജാതിരഹിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും എല്ലാതരം ചൂഷണങ്ങള്‍ക്കുമെതിരെ പോരാടാനും പന്ത്രണ്ടാം നൂറ്റാണ്ടില്‍ത്തന്നെ ലോകത്തോട് ആഹ്വാനംചെയ്ത സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ബസവേശ്വരനെന്ന് അദ്ദേഹം പറഞ്ഞു. ചൂഷണത്തിന്റെ പുതിയ ആയുധമായി മതങ്ങള്‍ മാറിക്കിയിരിക്കുകയാണ്. ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും പുരോഹിതരുടെ കൈപ്പിടിയിലായി. വിശ്വാസികള്‍ക്കും ദൈവത്തിനുമിടയിലെ മധ്യസ്ഥരെന്ന് സ്വയം അവകാശപ്പെടുന്ന ഇവര്‍ ആശ്വാസംതേടി ആരാധനാലയങ്ങളിലെത്തുന്നവരെ ചൂഷണം ചെയ്യുന്നു. വിശ്വാസിസമൂഹത്തിന്റെ പേരുപറഞ്ഞ് അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുമായി ഈ പുരോഹിതരും ജാതിനേതാക്കളും വിലപേശുന്നു. ഇതിലൂടെ ഇന്ത്യന്‍ സമൂഹത്തില്‍ രൂഢമൂലമായി ക്കൊണ്ടിരിക്കുന്ന അഴിമതിയുടെ പങ്കുപറ്റുന്നവരായി ജാതി, മത നേതാക്കളും മാറിക്കഴിഞ്ഞു. ‘രാജ്, മഠ്, സേഠ്’ എന്നിവ തമ്മിലുള്ള കൂട്ടുകച്ചവടമാണിവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അന്നാ ഹസാരെക്കൊപ്പം ലോക്പാല്‍ബില്‍ സമരത്തിലെ അമരക്കാരനായിരുന്ന സ്വാമി അഗ്‌നിവേശ് ചൂണ്ടിക്കാട്ടി. ”രാജ് എന്നാല്‍ രാഷ്ട്രീയം, മഠമെന്നാല്‍ മതജാതി നേതൃത്വം, സേഠ് എന്നാല്‍ കോര്‍പ്പറേറ്റുകളും സമ്പന്നരും”- അദ്ദേഹം വിശദീകരിച്ചു.
ലോക്പാല്‍ ബില്‍ നിലവില്‍വന്നിട്ടു മാത്രം കാര്യമില്ല. ജാഗ്രത്തായ സിവില്‍ സമൂഹം സംഘടിതമായി മുന്നിട്ടിറങ്ങി ഈ കൂട്ടുകച്ചവടത്തെ തകര്‍ക്കണം – അദ്ദേഹം അഭിപ്രായപ്പെട്ടു.
റെയില്‍പ്പാത തടയാതെയും പൊതുമുതല്‍ നശിപ്പിക്കാതെയും തികച്ചും ഗാന്ധിയന്‍ വഴികളിലൂടെയാണ് ലോക്പാല്‍ പ്രക്ഷോഭം വിജയം നേടിയത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭരണം കൈയാളുമ്പോള്‍ ജനാധിപത്യത്തില്‍ അവരെ നിയന്ത്രിക്കാന്‍ കഴിയുന്നത് പൊതുസമൂഹത്തിനാണ്. അഴിമതിക്കെതിരെ അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള മുന്നേറ്റം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. അഴിമതിക്കെതിരെ രാജ്യം ഒന്നടങ്കം ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബസവസമിതി അഖിലേന്ത്യാ പ്രസിഡന്റ് അരവിന്ദ് ജത്തി, ജനറല്‍ സെക്രട്ടറി പ്രഭുദേവ ജയ് ചിക്‌ലേരി, ബേലി മഠാധിപതി ശിവരുദ്ര സ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തേ ബസവേശ്വര സര്‍ക്കിളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ബസവേശ്വരന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.
Discussion about this post