തിരുവനന്തപുരം: നേരിയ ഭൂരിപക്ഷത്തോടെ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തി. 140 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫ് 72 സീറ്റും, എല്‍.ഡി.എഫ് 68 സീറ്റും നേടി. ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാനവട്ടം ബി.ജെ.പി പിന്നാക്കം പോയി.
ജെ.എസ്.എസ്, കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം, കോണ്‍ഗ്രസ് (എസ്), സി.എം.പി എന്നീ കക്ഷികള്‍ക്ക് നിയമസഭയില്‍ പ്രാതിനിധ്യം നഷ്ടമായി. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, കെ.ബി. ഗണേശ് കുമാര്‍, എളമരം കരീം, എം.കെ. മുനീര്‍, ശ്രേയാംസ്കുമാര്‍, എ.കെ. ബാലന്‍, കെ. മുരളീധരന്‍, മോന്‍സ് ജോസഫ് എന്നിവര്‍ വിജയിച്ചപ്പോള്‍ പന്ന്യന്‍ രവീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സുരേന്ദ്ര പിള്ള, എം.വി. രാഘവന്‍ എന്നിവര്‍ തോറ്റു.
തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നഷ്ടമുണ്ടായിരിക്കുന്നത് കോണ്‍ഗ്രസിനാണ്. 82 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഇത്തവണ 38 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവന്നു. മുന്നണി എന്ന നിലയില്‍ രണ്ടാമതാണെങ്കിലും എറ്റവും വലിയ ഒറ്റകക്ഷിയായി സി.പി.എം മാറുകയും ചെയ്തു. എല്‍.ഡി.എഫിലെ ഘടകക്ഷികള്‍ക്കും തെരഞ്ഞെടുപ്പില്‍ വലിയ പരിക്കുണ്ടായിട്ടില്ല. അതേസമയം കേരള കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പിന്തുണയോടെയാണ് യു.ഡി.എഫ് 72 എന്ന ഭൂരിപക്ഷത്തിലേക്ക് എത്തിയിരിക്കുന്നത്. ആലപ്പുഴ മുതല്‍ തെക്കോട്ട് കോണ്‍ഗ്രസിന് ദയനീയ തോല്‍വിയാണ് എറ്റുവാങ്ങേണ്ടി വന്നത്.
അനായാസ വിജയം പ്രതീക്ഷിച്ച യു.ഡി.എഫ് പലയിടങ്ങളിലും ഇഞ്ചോടിഞ്ച് പൊരുതിയാണ് വിജയം കണ്ടത്. സീറ്റ് വിഭജനത്തിന്റെ പേരില്‍ കലാപക്കൊടി ഉയര്‍ത്തിയ യു.ഡി.എഫിലെ പ്രമുഖ ഘടകക്ഷികളായ ജെ.എസ്.എസ്, സി.എം.പി തുടങ്ങിയ കക്ഷികള്‍ പരാജയപ്പെട്ടത് മുന്നണിയ്ക്ക് ക്ഷീണമായി. പാര്‍ട്ടി പ്രസിഡന്റ് ഗൗരിയമ്മ ഉള്‍പ്പെടെ ജെ.എസ്.എസിന്റെ നാലു സ്ഥാനാര്‍ത്ഥികളും തോല്‍വിയുടെ കയ്‌പുനീര് കുടിച്ചു. ചേര്‍ത്തലയില്‍ നിന്ന് മത്സരിച്ച കെ.ആര്‍.ഗൗരിയമ്മ, സി.പി.ഐ സ്ഥാനാര്‍ത്ഥി പി.തിലോത്തമനോട് 18315 വോട്ടിനാണ് പരാജയപ്പെട്ടത്. നെന്മാറയില്‍ നിന്ന് മത്സരിച്ച സി.എം.പിയുടെ ജനറല്‍ സെക്രട്ടറി എം.വി.രാഘവന്‍ സി.പി.എമ്മിന്റെ വി.ചെന്താമരാക്ഷനോട് 8694 വോട്ടിനാണ് പരാജയപ്പെട്ടത്. കണ്ണൂരില്‍ മത്സരിച്ച രാമചന്ദ്രന്‍ കടന്നപ്പള്ളി കോണ്‍ഗ്രസിലെ എ.പി.അബ്‌ദുള്ളക്കുട്ടിയോട് 6443 വോട്ടിനാണ് പരാജയപ്പെട്ടത്.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് ഭൂരിപക്ഷം വര്‍ദ്ധിച്ചപ്പോള്‍ പാലായില്‍ കെ.എം.മാണിയ്ക്ക് ഭൂരിപക്ഷം കുറഞ്ഞു. 5259 വോട്ടിനാണ് മാണി എന്‍.സി.പി സ്ഥാനാര്‍ത്ഥി മാണി സി.കാപ്പനെ പരാജയപ്പെടുത്തിയത്.
Discussion about this post