ന്യൂഡല്‍ഹി: വനിതാ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാനപദ്ധതിക്ക് കേന്ദ്രാനുമതി. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ടു പദ്ധതികള്‍ക്കാണ് കേന്ദ്ര ഗ്രാമവികസനമന്ത്രാലയം തത്ത്വത്തില്‍ അംഗീകാരം നല്കിയത്. പദ്ധതി നടത്തിപ്പിനായി 70 കോടിരൂപ കേന്ദ്രസഹായധനം സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
ഒന്നരലക്ഷത്തോളം സ്ത്രീകളെ കാര്‍ഷികമേഖലയിലേക്ക് പുതുതായി കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. വയല്‍, പച്ചക്കറിത്തോട്ടം തുടങ്ങിയ മേഖലകളിലാണ് സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് സുസ്ഥിരകാര്‍ഷികരംഗത്ത് പരിശീലനവും നല്‍കും. പഞ്ചായത്തുകള്‍വഴിയാണ് പദ്ധതി നടപ്പാക്കുക. ഗുണഭോക്താക്കളെ കുടുംബശ്രീ യൂണിറ്റുകളിലൂടെ തിരഞ്ഞെടുക്കും. 80 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
തൊഴില്‍ബാങ്കുകള്‍ രൂപവത്കരിക്കാനുള്ളതാണ് രണ്ടാമത്തെ പദ്ധതി. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇത്തരം ബാങ്കുകള്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കളും സ്ത്രീകളായിരിക്കും. എന്നാല്‍ കൃഷിസ്ഥലത്തിന്റെ ഉടമ സ്ത്രീകളാവണമെന്ന് നിര്‍നബന്ധമില്ല. കോള്‍നിലങ്ങള്‍, പാടശേഖരങ്ങള്‍ എന്നിവയ്‌ക്കെല്ലാം ബാധകമായതാണ് പദ്ധതി. 61 കോടിരൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി നടത്തിപ്പിനായി പഞ്ചായത്തുതല സഹായകേന്ദ്രങ്ങളും രൂപവത്കരിക്കും. ഇതിനായി 70 കോടി രൂപയുടെ കേന്ദ്രധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ധനസഹായത്തിന്റെ കാര്യത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കുമെന്നും അറിയിച്ചു. കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തില്‍ പദ്ധതിയുടെ അവലോകനയോഗം കഴിഞ്ഞദിവസം നടന്നിരുന്നു. യോഗത്തില്‍ കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാരദാ മുരളീധരന്‍ പങ്കെടുത്തു.
Discussion about this post