കൊച്ചി: പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച വിധിക്കെതിരെ ‘ശുംഭന്‍’ പ്രയോഗം നടത്തിയതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജന് ഹൈക്കോടതി കുറ്റപത്രം നല്‍കി. വെള്ളിയാഴ്ച രാവിലെ ഒന്നാമത്തെ കേസായി പരിഗണിച്ച കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയായിരുന്നു.
ജയരാജന്‍ കോടതി നടപടികളെ ബഹുമാനിക്കണമെന്ന് ജഡ്ജിമാര്‍ ഓര്‍മ്മിപ്പിച്ചു. വിധിന്യായങ്ങളെ വിമര്‍ശിക്കാനുള്ള അധികാരം ഓരോ പൗരനുമുണ്ട്. എന്നാല്‍ കോടതിയെ സമൂഹമധ്യത്തില്‍ ആക്ഷേപിക്കാനും അവഹേളിക്കാനുമാണ് ജയരാജന്‍ ശ്രമിച്ചത്. ‘ശുംഭന്‍’, ‘പുല്ലുവില’ തുടങ്ങിയ പ്രയോഗങ്ങള്‍ കോടതിയെ ആക്ഷേപിക്കലാണ്. തന്റെ വാദം അവതരിപ്പിക്കാനുള്ള അവസരം കിട്ടിയില്ലെന്ന് ജയരാജന്‍ പരാതി പറയേണ്ടത് പത്രമാധ്യമങ്ങളുടെ മുമ്പിലല്ലെന്നും കോടതി വ്യക്തമാക്കി.
ജൂണ്‍ 24 വരെ കുറ്റപത്രം നല്‍കുന്നത് നീട്ടിവെക്കണമെന്ന ജയരാജന്റെ വാദം കോടതി അംഗീകരിച്ചില്ല. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച കോടതി ജയരാജന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. കുറ്റം നിഷേധിക്കുന്നുവെന്ന് പറഞ്ഞ ജയരാജന്‍ മൗലിക അവകാശം ലംഘിക്കുന്നതിനെതിരെ പൊരുതി മരിക്കാന്‍ തയാറാണെന്നും പറഞ്ഞു.
തന്റെ ഭാഗം കേള്‍ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ലെന്ന് ഹൈക്കോടതി നടപടിക്ക് ശേഷം പുറത്തുവന്ന ജയരാജന്‍ പറഞ്ഞു. ജുഡീഷ്യറില്‍ തനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെയാണ് പാതയോരത്ത് പൊതുയോഗം നിരോധിച്ച വിധിക്കെതിരെ താന്‍ സുപ്രീംകോടതിയെ സമീപിച്ചതെന്നും ജയരാജന്‍ പറഞ്ഞു.
ജസ്റ്റിസ്മാരായ എ.കെ ബഷീര്‍, എ.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കുറ്റപത്രം നല്‍കിയത്. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച കോടതി വിചാരണ നടപടികള്‍ തുടങ്ങാനായി കേസ് ജൂലായ് 20ലേക്ക് മാറ്റി
Discussion about this post