ഒരു കോഴി മുട്ടവിരിച്ചിറക്കുന്ന കുഞ്ഞുങ്ങളുമായി തെരയാന്‍ തുടങ്ങുന്നു. പരുന്തിന്റെയും മറ്റു ശത്രുക്കളുടെയും ഉപദ്രവം ഉണ്ടെന്ന് മുന്‍കൂട്ടി അറിയാനുള്ള വിവേചന ബുദ്ധി കോഴിക്കില്ല. നാം ട്യൂഷന്‍ നല്‍കി കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതു പോലെ ശിക്ഷണം കൊടുക്കുന്നതിന് കോഴിക്കു കഴിവില്ല. തെരഞ്ഞുകൊണ്ടു നില്‍ക്കുമ്പോള്‍ പരുന്തു വരുന്നു എന്നറിയുന്ന തള്ളക്കോഴി ഒരു പ്രത്യേകശബ്ദം പുറപ്പെടുവിക്കുന്നു. ഈ ശബ്ദം കേള്‍ക്കുന്ന മാത്രയില്‍ കുഞ്ഞുങ്ങള്‍ തള്ളയുടെ ചിറകുകള്‍ക്കടിയില്‍ ഓടിയൊളിക്കുന്നു. മുട്ടയില്‍ നിന്ന് പുറത്തുവന്ന കുഞ്ഞുങ്ങള്‍ ആദ്യമായി കേള്‍ക്കുന്ന ശബ്ദമാണെങ്കിലും അതിന്റെ അര്‍ത്ഥം അറിയുവാന്‍ ആ കുഞ്ഞുങ്ങള്‍ക്കു കഴിയുന്നു.
ഈ `അര്‍ത്ഥം’ മുട്ടയില്‍ ബീജാവസ്ഥയിലായിരുന്ന കുഞ്ഞുങ്ങളുടെ സ്മൃതിപഥത്തില്‍ ഒളിഞ്ഞുകിടന്നതാണ്. പൂര്‍വ സംസ്‌ക്കാരം കൊണ്ട് ആ ശബ്ദത്തിന്റെ അര്‍ത്ഥം കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാവുകയാണ് ചെയ്തത്. ശ്രുതിയിലൂടെ പകരുന്ന സംസ്‌ക്കാരം സ്മൃതിയിലൂടെ പ്രകടമാകുന്നുവെന്നു മാത്രം. കോഴിയുടേതുപോലെതന്നെ മറ്റെല്ലാ ശബ്ദതരംഗങ്ങളെ സൃഷ്ടിച്ചുകൊണ്ട് അന്തരീക്ഷത്തിലേക്കുള്ള വ്യാപനം. മറ്റൊന്ന് തരംഗങ്ങളിലൂടെ വഹിക്കപ്പെടുന്ന അര്‍ത്ഥതലം. തരംഗവും അതിനോടു ബന്ധപ്പെട്ടു നില്ക്കുന്ന അര്‍ത്ഥവും ശ്രുതിയില്‍ തുടങ്ങി സ്മൃതിയിലെത്തുമ്പോഴാണ് ആശയവിനിമയം നടക്കുന്നത്.
തള്ളക്കോഴിയുടെ ശരീരവും കുഞ്ഞുങ്ങളുടെ ശരീരവും ഈ ശബ്ദതരംഗങ്ങളെ അഥവാ ശ്രുതിയേയും സ്മൃതിയേയും സ്വീകരിക്കുന്നതിനുള്ള പേടകങ്ങളാണ്. ഈ ശരീരപേടകങ്ങള്‍ നശിച്ചാലും ശ്രുതിയിലൂടെ പുലര്‍ന്ന തരംഗശക്തി പ്രപഞ്ചശരീരത്തില്‍ തങ്ങി നില്‍ക്കും. ഇങ്ങനെ തങ്ങിനില്‍ക്കുന്ന തരംഗവീഥിയിലൂടെ വീണ്ടും ശബ്ദവ്യാപനം വരുമ്പോള്‍ അത് സൃഷ്ടിയായി മാറുന്നു. ജന്മാന്തരങ്ങളിലൂടെ ശ്രുതിമുഖേന പ്രചരിപ്പിച്ചും സ്മൃതിയിലൂടെ പ്രവര്‍ത്തിച്ചും നിലനില്ക്കുന്ന സംസ്‌ക്കാരമണ്ഡലം പ്രപഞ്ചശരീരത്തില്‍ തങ്ങിനില്ക്കുന്ന ഈ ശബ്ദ അര്‍ത്ഥ മണ്ഡലങ്ങള്‍ യഥാക്രമം അനശ്വരമായ ശ്രുതിയും സ്മൃതിയുമായി നിലകൊള്ളുന്നു.
(ശ്രുതിയും സ്മൃതിയും സ്ത്രീ സ്വാതന്ത്ര്യവും എന്ന ഗ്രന്ഥത്തില്‍ നിന്ന്)
Discussion about this post