ന്യൂഡല്‍ഹി: ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വെള്ളിയാഴ്ച കൂട്ടും. വില വര്‍ധന പരിഗണിക്കാന്‍ ധനമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ ഉപസമിതി വെള്ളിയാഴ്ച യോഗം ചേരും.
പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്നുമുതല്‍ നാലു രൂപ വരെയും പാചകവാതകത്തിന് 20 മുതല്‍ 25 വരെയും കൂട്ടാനാണ് നിര്‍ദേശം.
അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില 50 ശതമാനത്തിലധികം വര്‍ധിച്ച സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വീണ്ടും കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. പെട്രോളിന്റെ വിലയും കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എണ്ണക്കമ്പനികള്‍ ദിനംപ്രതി 490 കോടി രൂപ നഷ്ടം സഹിച്ചാണ് പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വില കൂട്ടിയാലേ ഈ നഷ്ടം നികത്താന്‍ കഴിയൂവെന്ന് എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസമാണ് പെട്രോളിന് അഞ്ചു രൂപ എണ്ണക്കമ്പനികള്‍ കൂട്ടിയത്. വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ അനുമതിയോടെ മാത്രമേ പൊതുമേഖലയിലെ എണ്ണക്കമ്പനികള്‍ വിലകൂട്ടാറുള്ളൂ.
ഡീസലിന് 14.22 രൂപ നഷ്ടം സഹിച്ചാണ് എണ്ണക്കമ്പനികള്‍ ഡല്‍ഹിയില്‍ ഡീസല്‍ വില്‍ക്കുന്നത്. 14.2 കിലോഗ്രാമുള്ള പാചകവാതക സിലിണ്ടര്‍ വില്‍ക്കുമ്പോള്‍ 381.14 രൂപയാണ് നഷ്ടം; മണ്ണെണ്ണയില്‍ ലിറ്ററിന് 27.74 രൂപയും. ഈ മൂന്ന് ഉത്പന്നങ്ങളിലെ നഷ്ടം കണക്കിലെടുക്കുമ്പോള്‍ 1,66,712 കോടി രൂപയാണ് പൊതുമേഖലയിലെ എണ്ണക്കമ്പനികള്‍ നേരിടുന്ന വാര്‍ഷിക നഷ്ടമെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ പറയുന്നു.
അന്താരാഷ്ട്രകമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ഇപ്പോള്‍ വീപ്പയ്ക്ക് 110 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ കൊല്ലം ജൂണില്‍ വീപ്പയ്ക്ക് 72 ഡോളറായിരുന്നപ്പോഴാണ് വിലകൂട്ടിയത്. പിന്നീട് അഞ്ചുതവണ എണ്ണക്കമ്പനികള്‍ അന്താരാഷ്ട്രതലത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് വില കൂട്ടിയിരുന്നു.
Discussion about this post