തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താ സമ്മളേനത്തില്‍ പറഞ്ഞു. 2,61,51,534 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 1,26,84,839 പുരുഷ വോട്ടര്‍മാരുണ്ട്. 174 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്.
മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 31,36,191. കുറവ് വയനാട് ജില്ലയില്‍, 5,94,177. 2,88,191 കന്നിവോട്ടര്‍മാരാണുള്ളത്. 1,35,357 ഭിന്നശേഷി വോട്ടര്‍മാരുണ്ട്. രണ്ട് ബ്രെയില്‍ സാമ്പിള്‍ ബാലറ്റ് പേപ്പറുകള്‍ എല്ലാ ബൂത്തിലുമുണ്ടാവും. 24,970 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. കുറ്റ്യാടി, ആലത്തൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ ഓക്സിലറി പോളിംഗ് ബൂത്തുകളുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകള്‍, 2750. കുറവ് വയനാട്, 575. 867 മോഡല്‍ പോളിംഗ് സ്റ്റേഷനുകളുണ്ട്. സമ്പൂര്‍ണമായി വനിതകള്‍ നിയന്ത്രിക്കുന്ന 240 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. പ്രശ്നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 35,193 വോട്ടിംഗ് മെഷീനുകളാണുള്ളത്. 32,746 കണ്‍ട്രോള്‍ യൂണിറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. ആറ്റിങ്ങല്‍, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ രണ്ട് ബാലറ്റ് യൂണിറ്റുകള്‍ വീതം ഉപയോഗിക്കും. 227 സ്ഥാനാര്‍ത്ഥികളില്‍ 23 വനിതകളുണ്ട്. കണ്ണൂരിലാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍, അഞ്ചു പേര്‍. ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 11 മുതല്‍ സംസ്ഥാന വ്യാപകമായി 15 ലക്ഷം ബാനറുകളും പോസ്റ്ററുകളും ഹോര്‍ഡിംഗുകളും നശിപ്പിച്ചു. 51,000 പരാതികളാണ് സിവിജില്‍ ആപ്പ് വഴി ലഭിച്ചത്.
സംസ്ഥാനത്ത് 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകളില്‍ മാവോയിസ്റ്റ് പ്രശ്ന സാധ്യത വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ 72 ബൂത്തുകള്‍ വയനാട്ടിലും 67 മലപ്പുറത്തും കണ്ണൂരില്‍ 39ഉം കോഴിക്കോട് 41 ഉം ബൂത്തുകളുണ്ട്. പോളിംഗ് ജോലികള്‍ക്ക് 1,01,140 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1670 സെക്ടറല്‍ ഓഫീസര്‍മാരും 33,710 പ്രിസൈഡിംഗ് ഓഫീസര്‍മാരുമുണ്ട്. 23ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. രാവിലെ ആറിന് മോക്ക് പോള്‍ നടക്കും.
സംസ്ഥാനത്ത് 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാവും. 257 സ്ട്രോംഗ് റൂമുകളാണുള്ളത്. 2310 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരെ നിയോഗിക്കും. 57 കമ്പനി കേന്ദ്ര സേനയെയാണ് കേരളത്തില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സ്ട്രോംഗ് റൂമുകള്‍ക്ക് 12 കമ്പനി സി. ആര്‍. പി. എഫ് സുരക്ഷ ഒരുക്കും. കൂടുതല്‍ സേനയെ ഇതിനായി വേണ്ടിവരുമെന്നും മൂന്നു നിര സുരക്ഷയാണ് ഒരുക്കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിംഗ് ബൂത്തുകളില്‍ വിവിപാറ്റ് എണ്ണും.
വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ 31 കോടി രൂപയുടെ സാധനങ്ങള്‍ പിടികൂടി. 44 ലക്ഷം രൂപയുടെ മദ്യവും 21 കോടിയുടെ ലഹരി ഉത്പന്നങ്ങളും മൂന്നു കോടിയുടെ സ്വര്‍ണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും കര്‍ശന പരിശോധനയുണ്ടാവും.
Discussion about this post