തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ കണക്കുകളില്‍ നീക്കുപോക്ക് നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിയുക്തമായ പബ്ലിക് സെക്ടര്‍ റീ സ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ് ) വ്യവസായവകുപ്പിന് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് കുറഞ്ഞത് 27 സ്ഥാപനങ്ങളെങ്കിലും മുന്‍ സര്‍ക്കാരിന്റെ അനുമതിയോടെ കൃത്രിമ ലാഭക്കണക്കുണ്ടാക്കിയതായി വ്യക്തമാകുന്നത്.
തങ്ങളുടെ ഭരണകാലത്ത് നൂറോളം പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയെന്ന് എല്‍.ഡി.എഫ് വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ ഇനങ്ങളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ സ്വത്ത് വിറ്റും വായ്പയെ സര്‍ക്കാര്‍ ഓഹരിയാക്കി മാറ്റിയും സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം വരുമാനത്തില്‍ ഉള്‍പ്പെടുത്തിയും കുറഞ്ഞത് 27 സ്ഥാപനങ്ങളെങ്കിലും കൃത്രിമ ലാഭം സൃഷ്ടിച്ചുവെന്നാണ് റിയാബിന്റെ റിപ്പോര്‍ട്ടിലുള്ളത്. എട്ടുസ്ഥാപനങ്ങള്‍ തങ്ങളുടെ വായ്പയെ സര്‍ക്കാരിന്റെ ഓഹരിയാക്കി മാറ്റി.
കേരള ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഇക്കാര്യത്തില്‍ മുന്‍പില്‍. 23.94 കോടിരൂപയുടെ വായ്പയാണ് 2007-08 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ വായ്പയാക്കി മാറ്റിയത്. സീതാറാം ടെക്സ്റ്റയില്‍സ് (15.25 കോടി), കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി (18.77 കോടി), ട്രാക്കോ കേബിള്‍ (12.37 കോടി), കെല്‍ട്രോണ്‍ കമ്പോണന്‍റ് കോംപ്ലക്‌സ് ലിമിറ്റഡ് (7.3 കോടി), ട്രാവന്‍കൂര്‍ സിമന്‍റ്‌സ് (2.21 കോടി), സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡ് (4.2 കോടി) എന്നിവയാണ് വായ്പയെ സര്‍ക്കാര്‍ ഓഹരിയാക്കിമാറ്റി ലാഭം കാണിച്ച കമ്പനികള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മൊത്തം 95.85 കോടി രൂപ ഇത്തരത്തില്‍ ഓഹരിയാക്കിമാറ്റപ്പെട്ടു.
സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ലാഭക്കണക്കില്‍ ഉള്‍പ്പെടുത്തിയ ആറ് സ്ഥാപനങ്ങളുണ്ട്. കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് ഇക്കാര്യത്തില്‍ മുന്‍പില്‍. 37.15 കോടി രൂപയാണ് കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന് കിട്ടിയത്. ഹാന്‍റക്‌സ് (29.96), കെല്‍ (3.5 കോടി),കെല്‍ട്രോണ്‍ (6 കോടി), ട്രാക്കോ കേബിള്‍സ് (3 കോടി) എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മൊത്തം 82.61 കോടി രൂപ സര്‍ക്കാരില്‍ നിന്ന് സഹായം സ്വീകരിക്കുകയും അത് പിന്നീട് ലാഭക്കണക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
Discussion about this post