തിരുവനന്തപുരം: താഴെത്തട്ടില്‍ കൈകോര്‍ത്തുള്ള ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമായി തുടര്‍ന്നുപോകുന്നതാകണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ശ്രദ്ധയോടെയുള്ള സെപ്റ്റേജ് മാലിന്യങ്ങളുടെ സംസ്‌കരണവും പ്രധാനപ്പെട്ടതാണ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മൂന്നുദിവസമായി ടാഗോര്‍ തിയറ്ററില്‍ നടന്നുവന്ന ‘ജലസംഗമ’ത്തിന്റെ പ്ലീനറി സെഷന്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലസംരക്ഷണം സംബന്ധിച്ച അവബോധം വളരാന്‍ ജലഗ്രാമസഭകള്‍ ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ ഇടപെടലാണ് ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാകുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. ഈ മുന്‍കൈ നിലനിര്‍ത്തുംവിധമാകണം മിഷന്റെ തുടര്‍പ്രവര്‍ത്തനങ്ങളും പദ്ധതികളും. വന്‍ ജനപങ്കാളിത്തമായിരുന്നു കേരളമുടനീളം ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളില്‍. കോര്‍ത്തിണക്കാന്‍ പറ്റുന്ന പദ്ധതികളും വകുപ്പുകളും ഒരുമിച്ചാണ് പരിപാടികള്‍ നടപ്പാക്കിയത്. നടപ്പാക്കിയവയുടെ വിജയകഥകള്‍ മാത്രമല്ല, ഭാവിയില്‍ എങ്ങോട്ടുപോകണം എന്നതിന്റെ ചൂണ്ടുപലക കൂടി പല പദ്ധതികളിലുമുണ്ട്. കുടുംബങ്ങളില്‍ അവബോധമെത്തിക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ നല്ല ഉപാധികളാണ്. ഹരിതകേരളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ പദ്ധതികളും വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. അതിനുമപ്പുറം സഹായം ആവശ്യമായി വന്നാല്‍ പരിഗണിക്കും.
തുടര്‍പദ്ധതികള്‍ക്ക് കൃത്യമായ ചട്ടക്കൂടും പദ്ധതിയും വേണം. ഓരോ ജനപ്രതിനിധിയും ഓര്‍ത്തിരിക്കാന്‍ കഴിയുംവിധം ഒരു നീര്‍ച്ചാലെങ്കിലും നവീകരിക്കാന്‍ മുന്‍കൈയെടുക്കണം. പഞ്ചായത്തുകളുടെ പ്ലാനില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി വര്‍ധിപ്പിക്കാന്‍ കൃത്യമായ ജലസേചനം ഉറപ്പാക്കാന്‍ പഞ്ചായത്തുതലം മുതല്‍ ആസൂത്രണം വേണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. ജലസേചനത്തിനുള്ള ജലത്തിന്റെ കുറവ് എവിടെ, എങ്ങനെ പരിഹരിക്കാം തുടങ്ങിയവ ഇത്തരത്തില്‍ കണ്ടെത്താനാകും. കമ്യൂണിറ്റി ഇറിഗേഷനിലൂടെയും ഡ്രിപ് ഇറിഗേഷനിലൂടെയും വിള പരമാവധി മെച്ചപ്പെടുത്താനാകും. കുളങ്ങള്‍ തമ്മില്‍ ചെറിയ ലിങ്ക് നല്‍കാനായാല്‍ വെള്ളം കുറവുള്ളവയില്‍ വെള്ളമെത്തിക്കാനും ഭൂഗര്‍ഭജലവിതാനം ഉയര്‍ത്താനും സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലീനറി സെഷനില്‍ ഉദ്ഘാടനപ്രസംഗത്തിന് മുമ്പ് മൂന്നു സെഷനുകളിലായി നടന്ന ചര്‍ച്ചകള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചു. ‘നദീ പുനരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ സി.ഡബ്ളിയു.ആര്‍.ഡി.എം ശാസ്ത്രജ്ഞന്‍ വി.പി. ദിനേശ് ക്രോഡീകരിച്ച് അവതരിപ്പിച്ചു. ‘പ്രാദേശികജല സ്രോതസ്സുകളും ജലസുരക്ഷാ പ്ലാനും’ എന്ന വിഷയത്തിലുള്ള ചര്‍ച്ചകളുടെ ക്രോഡീകരണം ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ.എച്ച്. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. ‘നഗരനീര്‍ചാലുകളുടെ ശൃംഖലയും മലിനജല പരിപാലനവും’ എന്ന സെഷനിലെ ചര്‍ച്ചകള്‍ ബോംബെ ഐ.ഐ.ടിയിലെ എന്‍.സി നാരായണന്‍ ക്രോഡീകരിച്ചു. ഇവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചശേഷമായിരുന്നു മന്ത്രിമാര്‍ സംസാരിച്ചത്.
ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍. സീമ, നവകേരളം കര്‍മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് എന്നിവരും സംബന്ധിച്ചു.
Discussion about this post