തിരുവനന്തപുരം: വരുന്ന ഒക്ടോബര്‍ രണ്ടിനകം വൃത്തിയുള്ള ഒരു ഇന്ത്യ സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ഏറ്റവും മഹത്തായ ആദരമായിരിക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ആക്കുളം ദക്ഷിണ വ്യോമ കമാന്‍ഡ് ആസ്ഥാനത്ത് ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചുള്ള ‘ഗോ ഗ്രീന്‍ ഇന്‍ഷ്യേറ്റീവ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
താന്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം രാജ്ഭവനില്‍ മിനറല്‍ വാട്ടര്‍ ഒഴിവാക്കി ഫില്‍റ്ററുകള്‍ സ്ഥാപിക്കുകയും പേപ്പര്‍ ഗ്ലാസ്സിനു പകരം ഓരോ ജീവനക്കാര്‍ക്കും വെവ്വേറെ സ്റ്റീല്‍ ഗ്ലാസ്സുകള്‍ നല്‍കിയും രാജ്ഭവന്‍ പരിസ്ഥിതി സൗഹൃദമാക്കിയതായി അദ്ദേഹം പറഞ്ഞു. ഇത് മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അനുകരിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമ കമാന്‍ഡ് ആസ്ഥാനത്ത് വൃക്ഷത്തൈ നട്ട ഗവര്‍ണര്‍ ഗോ ഗ്രീന്‍ മാന്വല്‍ പ്രകാശനവും നിര്‍വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്, എയര്‍മാര്‍ഷല്‍ വി. സുരേഷ്, എയര്‍മാര്‍ഷല്‍ ചന്ദ്രശേഖര്‍, എയര്‍ഫോഴ്സ് വൈഫ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാധാ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post