തിരുവനന്തപുരം: റോഡ് സുരക്ഷയില്‍ ആദ്യം സ്വയം ബോധവാന്‍മാരായ ശേഷം മറ്റുള്ളവരെയും ബോധ്യപ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. തിരുവനന്തപുരത്ത് ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച റോഡ് സുരക്ഷാവാരാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷയെക്കുറിച്ച് മനസിലാക്കാന്‍ ആദ്യം വിദ്യാര്‍ത്ഥികളാകണം. ശേഷം മറ്റുള്ളവരെ ബോധവാന്മാ രാക്കാന്‍ അധ്യാപകരുമാകണം. സുരക്ഷിത യാത്രയ്ക്കുള്ള ഇടമാണ് റോഡ് എന്ന് നാം ഉറപ്പുവരുത്തണം. ഇടതു വശം ചേര്‍ന്നു പോകുക എന്ന നിയമമാണ് ആദ്യം പാലിക്കേണ്ടത്. എന്നാല്‍ ഭൂരിഭാഗം പേരും ഇത് പാലിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിക്കുന്ന മോഡല്‍ സ്‌കൂളിന് ഈ വര്‍ഷം തന്നെ മികച്ച ഓഡിറ്റേറിയം നിര്‍മ്മിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ ഓഡിറ്റോറിയം ഭൂരിഭാഗവും ചോര്‍ന്നൊലിക്കുന്ന നിലയിലാണ്.
റോഡപകടങ്ങള്‍ കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. ജീവന്‍രക്ഷാ വാഹനനമായ ആംബുലന്‍സ് പോലും അപകടത്തില്‍ പെടുന്നു. ഈ സാഹചര്യത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പ്രതിവര്‍ഷം 45,000 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നു. ഈ സാഹചര്യം മാറണം. റോഡപകട നിരക്ക് കുറഞ്ഞ സംസ്ഥാനമായി കേരളം മാറണം. ഇതിന് വിദ്യാര്‍ത്ഥികള്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്. സുരക്ഷിതമല്ലാത്ത രീതിയില്‍ വിദ്യാര്‍ത്ഥികള്‍ വാഹനമോടിക്കുന്നത് പരിശോധിക്കാന്‍ എല്ലാ സ്‌കൂളുകളിലും ഓരോ അധ്യാപകനെ ചുമതലപ്പെടുത്തണം. സ്‌കൂള്‍ വാഹനങ്ങള്‍ വാര്‍ഷിക പരിശോധന നടത്തുന്നുണ്ടോ, ജി. പി. എസ്. ഘടിപ്പിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളില്‍ ഉറപ്പു വരുത്താനാകണമെന്നും ഗതാഗതമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സുരക്ഷാ പ്രതിജ്ഞ റോഡ് സുരക്ഷാ കമ്മീഷണര്‍ എന്‍. ശങ്കര്‍ റെഡ്ഡി ചൊല്ലിക്കൊടുത്തു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ., മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം. പി. ഷാജി, വൈസ് പ്രിന്‍സിപ്പാള്‍ ആര്‍. എസ്. സുരേഷ് ബാബു, പി.ടി. എ. പ്രസിഡന്റ് രാജി. ആര്‍. പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച ബോധവത്കരണ ക്ലാസും നടന്നു.
Discussion about this post