കൊച്ചി: സംസ്‌ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സംരക്ഷണത്തിനും പരിപാലനത്തിനും സ്‌പെഷല്‍ ഓഫിസറെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഓര്‍ഡിനന്‍സില്‍ വ്യവസ്‌ഥ. ജൂണ്‍ 14നു കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രകാരം വിനോദസഞ്ചാര മേഖലയുടെ സംരക്ഷണവും ആസൂത്രിത വികസനവും നടത്തേണ്ടതു വിനോദ സഞ്ചാര വികസന അതോറിറ്റിയാണ്.
പദ്ധതിയിലുള്‍പ്പെട്ട പ്രദേശത്തു പദ്ധതിക്കു വിരുദ്ധമായി നിലനില്‍ക്കുന്ന കെട്ടിടങ്ങളും മറ്റും നിശ്‌ചിത സമയത്തിനുള്ളില്‍ പൊളിച്ചു മാറ്റണമെന്നു തദ്ദേശസ്‌ഥാപനങ്ങളോടു നിര്‍ദ്ദേശിക്കാന്‍ സ്‌പെഷല്‍ ഓഫിസര്‍ക്ക് അധികാരമുണ്ടാകും. ജില്ലാകലക്‌ടര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ ഒരു ഡസനിലേറെപ്പേര്‍ വിനോദ സഞ്ചാര വികസന അതോറിറ്റിയില്‍ അംഗങ്ങളായിരിക്കും.
മൂന്നാര്‍ ഇകോ ടൗണ്‍ഷിപ്പ് രൂപീകരണമുള്‍പ്പെടെ മൂന്നാര്‍ പ്രത്യേക ടൂറിസം മേഖലയുടെ ആസൂത്രിത വികസനത്തിനും സര്‍ക്കാര്‍ പദ്ധതി തയാറാക്കി. ഇതനുസരിച്ച് ദേവികുളം പഞ്ചായത്തില്‍ ടൂറിസം മേഖല, പാര്‍പ്പിട മേഖല, വാണിജ്യ മേഖല, തോട്ട മേഖല, സ്‌ഥാപന മേഖല, റിസോര്‍ട്ട് മേഖല, ഹരിത മേഖല എന്നിങ്ങനെ തരംതിരിവുകളുണ്ടാകും. ഇതിനൊപ്പം കൊണ്ടുവന്ന മൂന്നാര്‍ സ്‌പെഷല്‍ ട്രൈബ്യൂണല്‍ ഓര്‍ഡിനന്‍സ് അനുസരിച്ച് ഹൈക്കോടതിയിലേതുള്‍പ്പെടെ മൂന്നാര്‍ ഭൂമി തര്‍ക്കങ്ങള്‍ സ്‌പെഷല്‍ ട്രൈബ്യണല്‍ ആണു പരിഗണിക്കേണ്ടത്.
Discussion about this post