കൊച്ചി: ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ ചെയ്തത്.
ഡോ.എം.എ ഖാദര്‍ ചെയര്‍മാനും ജി. ജ്യോതിചൂഢന്‍, ഡോ. സി. രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായി സംസ്ഥാനത്തെ പ്ലസ് ടു വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ഖാദര്‍ കമ്മീഷന്‍.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക, സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളുടെ നിയന്ത്രണവും ഏകോപനവും സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിക്ഷിപ്തമാക്കുക എന്നിവയായിരുന്നു കമ്മീഷന്റെ പ്രധാന ശുപാര്‍ശകള്.













