ജൂണ്‍ 21 ലോകമൊട്ടാകെ ‘യോഗ’ ദിനമായി ആചരിക്കുകയാണ്. മനുഷ്യ ജീവിതത്തില്‍ ‘യോഗ’യ്ക്കുള്ള പ്രാധാന്യവും പ്രസക്തിയും വിശ്വമാകെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആയിരമായിരം വര്‍ഷങ്ങള്‍ക്ക് മുന്പ് ഭാരതത്തിലെ ഋഷീശ്വരന്മാര്‍ തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ അനുവര്‍ത്തിച്ചു പോന്ന അനുപമവും അതി ദിവ്യവും ആയ ഒരു ക്രിയാമാര്‍ഗ്ഗം ആയിരുന്നു’യോഗ’. യോഗവിദ്യയുടെ പ്രയോഗത്തിലൂടെ അവര്‍ ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിച്ചിരുന്നു.
പൂര്‍വ്വജന്മ പുണ്യം കൊണ്ടാണ് മനുഷ്യ ജന്മം ലഭിക്കുന്നതെന്നാണ് അഭിജ്ഞ മതം. മനുഷ്യനില്‍ അന്തര്‍ലീനമായി കിടക്കുന്ന അപാരമായ ശക്തിയും ചൈതന്യവും പലപ്പോഴും അവന്‍ തിരിച്ചറിയുന്നില്ല. ആ തിരിച്ചറിവിന് സഹായകമാകുന്ന അതി വിശിഷ്ടമായ ഒരു പ്രക്രിയയാണ് ‘യോഗ’. മാനവരാശിയുടെ ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ ഉന്നമനത്തിന് യോഗശാസ്ത്രത്തിന്റെ പഠനവും പരിശീലനവും അത്യന്താപേക്ഷിതമാണ്.
മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തു ആരോഗ്യമാണ് ശാരീരികാരോഗ്യത്തിന് മാനസികാരോഗ്യം കൂടിയേ കഴിയൂ. പല രോഗങ്ങളുടെയും മൂലകാരണം മനസ്സാണ്. മനോധൈര്യം കൊണ്ട് കഠിന മായ രോഗങ്ങളെപ്പോലും അതിജീവിച്ച വ്യക്തികളുടെ കഥകള്‍ നാം കേട്ടിട്ടുണ്ടല്ലോ. ശരീരവും മനസ്സും ശുദ്ധമായും പവിത്രമായും സൂക്ഷിക്കാന്‍ യോഗാസനങ്ങള്‍ നമ്മെ സഹായിക്കുന്നു.
രാജയോഗം, ഭക്തിയോഗം, കര്‍മ്മയോഗം,ജ്ഞാന യോഗം എന്നിങ്ങനെ യോഗശാസ്ത്രത്തെ പ്രധാനമായും നാലായി വിഭജിച്ചിട്ടുണ്ട്. എങ്കിലും അവ പരസ്പരബന്ധം പുലര്‍ത്തുന്നുമുണ്ട്. അതുകൂടാതെ മന്ത്രയോഗം, തന്ത്രയോഗം, സ്വരയോഗം, ജപയോഗം തുടങ്ങി അനുഷ്ഠാന വൈവിധ്യം അനുസരിച്ചു മറ്റു അനേകം യോഗങ്ങളെക്കുറിച്ചും പുരാണഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്.
ആധുനിക കാലഘട്ടത്തില്‍ എല്ലാം വെട്ടിപ്പിടിക്കാനുള്ള മല്‍സര ഓട്ടത്തില്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ നാം മറന്നു പോകുന്നു. എല്ലാ ഭൌതിക സുഖങ്ങളും നേടിയാലും മനുഷ്യനു മനശാന്തി ലഭിക്കുന്നില്ല. ഈ ദുരവസ്ഥയ്ക്ക് ശാശ്വതപരിഹാരം കണ്ടെത്താന്‍ യോഗവിദ്യയ്ക്ക് കഴിയും എന്ന തിരിച്ചറിവുകൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങളില്‍ പോലും യോഗവിദ്യയ്ക്ക് പ്രചുരപ്രചാരം സിദ്ധിച്ചിരിക്കുന്നത്.
യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ അഷ്ടാംഗങ്ങളില്‍ ആസനത്തിന് സവിശേഷമായ പ്രാധാന്യം ഉണ്ട്. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം യോഗശാസ്ത്രത്തെക്കുറിച്ച് അഗാധമായ പരിചയം നേടണമെന്നില്ല. ആരോഗ്യരക്ഷയ്ക്കും മനശാന്തിക്കുമായി ഏതെല്ലാം ആസനങ്ങളാണ് പരിശീലിക്കേണ്ടത് എന്നു മനസ്സിലാക്കിയാല്‍ മാത്രം മതി. അതിനു പരിചയ സമ്പന്നനായ ഒരു ഗുരുവിന്റെ ഉപദേശനിര്‍ദേശങ്ങള്‍ അനിവാര്യമാണ്. കാരണം എല്ലാവര്‍ക്കും എല്ലാ ആസനങ്ങളും പ്രയോജനപ്രദമോ പ്രവര്‍ത്തനക്ഷമമോ ആയിരിക്കില്ല. ഓരോ വ്യക്തിയുടെയും ശാരീരികവും മാനസികവുമായ അവസ്ഥ മനസ്സിലാക്കി ആ വ്യക്തിക്ക് അനുയോജ്യമായ ആസനങ്ങള്‍ ഏതൊക്കെ ആണെന്ന് നിര്‍ദേശിക്കാനൊരു ഗുരുവിന് മാത്രമേ കഴിയൂ. ഓരോ രോഗത്തിന്റെയും ശമനത്തിന് അനുഷ്ടിക്കാവുന്ന ആസനങ്ങള്‍ ഏതൊക്കെ ആണെന്ന് കണ്ടെത്താന്‍ ഗുരുവിന് കഴിയും. ബാലന്മാര്‍ക്കും വൃദ്ധന്മാര്‍ക്കും യുവാക്കള്‍ക്കും ഒരേ തരത്തിലുള്ള യോഗാസനങ്ങള്‍ ഫലപ്രദമായെന്ന് വരുകയില്ല. അവിടെയാണ് ഒരു ഗുരുവിന്റെ സാന്നിദ്ധ്യത്തിന്റെ പ്രസക്തി.
ആസനങ്ങള്‍ പരിശീലിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം പ്രഭാതമാണ്. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ചു പത്തു മിനിറ്റ് കഴിഞ്ഞു യോഗാസനം ആരംഭിക്കുന്നതു ഉചിതം ആയിരിയ്ക്കും എന്നു അനുഭവസ്ഥര്‍ പറയുന്നു. രാവിലെ സമയം കിട്ടാത്തവര്‍ക്ക് സായാഹ്നത്തില്‍ യോഗ ചെയ്യാവുന്നതാണ്. എന്നും നിശബ്ദമായ അന്തരീക്ഷത്തില്‍ വൃത്തിയുള്ള ഒരു പ്രത്യേക മുറിയില്‍ ഒരേ സമയത്ത് യോഗാസനങ്ങള്‍ ചെയ്യേണ്ടതാണ്. ദിവസവും ഒരു മണിക്കൂര്‍ ഇതിനായി വിനിയോഗിക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ അതിനു അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ കൈവരിക്കാന്‍ കഴിയും.
പ്രയോജനം അനുസരിച്ചു ധ്യാനാസനങ്ങള്‍, വ്യായാമാസനങ്ങള്‍, വിശ്രമാസനങ്ങള്‍ , മനോകായികാസനങ്ങള്‍ എന്നിങ്ങനെ നാലു തരത്തിലുള്ള വിഭജനവും കണ്ടു വരുന്നുണ്ട്. സുഖാസനം, പത്മാസനം, സിദ്ധാസനം, വജ്രാസനം തുടങ്ങിയവ ധ്യാനാസനങ്ങളില്‍പ്പെടുന്നു. വ്യായാമാസനങ്ങള്‍ കുറെക്കൂടി ശാരീരികാധ്വാനം ഉള്ളവയാണ്. ശലഭാസനം, ഭുജംഗാസനം, അനന്താസനം , പവനമുക്താസനം, നൌകാസനം, സേതുബന്ധാശനം, ഗജാസനം, പാദഹസ്താസനം തുടങ്ങി ഒട്ടേറെ ആസനങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ശവാസനം, മകരാസനം തുടങിയവ വിശ്രമാസനങ്ങളില്‍പ്പെടുന്നു. ഇവയോട് ധ്യാനത്തിന്റെ അംശം സംയോജിപ്പിക്കുമ്പോള്‍ അവ മനോകായികാസനങ്ങള്‍ ആയി മാറുന്നു. അപ്പോള്‍ മാത്രമേ അവയ്ക്കു പൂര്‍ണ്ണമായ ഫലസിദ്ധി ലഭിക്കുകയുള്ളൂ.
മദ്യപാനം, ധൂമ്രപാനം എന്നിവ ഒഴിവാക്കല്‍, സസ്യാഹാരം മാത്രം സ്വീകരിക്കല്‍ ഒക്കെ യോഗാഭ്യാസത്തിന് അനുകൂലമായ ഘടകങ്ങളാണ്.യോഗാഭ്യാസത്തെക്കുറിച്ചുള്ള സമഗ്രവും സര്‍വ്വതലസ്പര്‍ശിയുമായ ഒരു വിവരണം ക്ഷിപ്രസാധ്യമല്ല. യോഗാഭ്യാസത്തിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും കുറിച്ചു ഒരു സൂചന നല്കുക മാത്രമാണ് ഈ ലഘുലേഖനം കൊണ്ട് ലക്ഷ്യമാക്കുന്നത്.
നമ്മുടെ അഭിവന്ദ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്ന ഈ മംഗള മുഹൂര്‍ത്തത്തില്‍ യോഗാഭ്യാസം കൊണ്ട് ജീവിതം കൂടുതല്‍ ആഹ്ലാദകരമാക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
Discussion about this post