തിരുവനന്തപുരം: യോഗ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും യോഗ പരിശീലനം നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങള്‍ക്കു പുറമെ നേരത്തെ തന്നെ നാട്ടിലുള്ള യോഗ കേന്ദ്രങ്ങളും അഭ്യസിപ്പിക്കുന്നു.
ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം ആവശ്യമാണ്. യോഗ നല്ലൊരു വ്യായാമം കൂടിയാണ്. പണ്ടുകാലത്ത് എല്ലാ കുട്ടികളും നന്നായി ഓടിക്കളിച്ചിരുന്നു. ഇപ്പോള്‍ ചില തെറ്റിദ്ധാരണയുടെ ഭാഗമായി കുട്ടികള്‍ എപ്പോഴും പഠിക്കണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുന്നു. കുട്ടികളുടെ കുട്ടിത്തത്തിന് സൗകര്യം ലഭിക്കുന്നില്ലെന്നതാണ് ഇതിന്റെ ഫലം. യോഗ നമ്മുടെ ഭക്ഷണക്രമത്തേയും സ്വാധീനിക്കും. കുഞ്ഞുങ്ങളെ ബോധപൂര്‍വം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ തന്നെ കുട്ടികളെ ലഹരിയുടെ വലയിലാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഇത്തരം ദുഷിച്ച രീതികളെ പ്രതിരോധിക്കാനുള്ള മനസ് യോഗാഭ്യാസത്തിലൂടെ രൂപപ്പെടുത്താനാവുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമ്പൂര്‍ണ യോഗ കേരളത്തിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്ത് യോഗാഭ്യാസത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വി. എസ്. ശിവകുമാര്‍ എം. എല്‍. എ പറഞ്ഞു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, കൗണ്‍സലര്‍ എം. വി. ജയലക്ഷ്മി, ആയുഷ് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം സമൂഹ യോഗ പരിശീലനവും നടന്നു.
Discussion about this post