തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ദുരന്തനിവാരണം പാഠ്യവിഷയമാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി. ജലീല്‍ പറഞ്ഞു. കേരളത്തിന്റെ ദുരന്ത പ്രതികരണ – പ്രതിരോധ തയാറെടുപ്പുകളെന്ന വിഷയത്തില്‍ ‘അമേരിക്ക വിത്ത് കേരള’ എന്ന പേരില്‍ തിരുവന്തപുരത്ത് അപ്പോളോ ഡിമോറയില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെന്നൈ യു. എസ്. കോണ്‍സുലേറ്റ് ജനററും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാനത്ത് ദുരന്തനിവാരണ വിഷയത്തില്‍ ഡിപ്ലോമ കോഴ്‌സുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍ സര്‍വകലാശാലാതലത്തില്‍ ഇത് പഠിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധത, രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം, സാങ്കേതിക സൗകര്യങ്ങള്‍ ഇവ മൂന്നും ഒരുമിച്ചാല്‍ മാത്രമേ ദുരന്തനിവാരണം ഫലവത്തായി നടപ്പാക്കാനാകൂ. ഇതിനുള്ള ചര്‍ച്ചകളുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ദുരന്തനിവാരണത്തില്‍ ശാസ്ത്രീയമായ പഠനം ആവശ്യമാണെന്ന് ചടങ്ങില്‍ മുഖ്യതിഥിയായ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു അധ്യക്ഷത വഹിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ്, യു. എസ്. കോണ്‍സുലേറ്റ് ജനറല്‍ ചെന്നൈ കോണ്‍സല്‍ ഫോര്‍ പബ്ലിക് ഡിപ്ലോമസി ലോറെന്‍ ലവ്‌ലെസ്, യു. എസ് ദുരന്തനിവാരണ വിദഗ്ദ്ധന്‍ ഡോ. ഹിമാന്‍ഷു ഗ്രോവര്‍, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി ചെയര്‍മാന്‍ ഡോ. ഡി. ധനുരാജ് തുടങ്ങിയര്‍ വിഷയാവതരണം നടത്തി. നാല് മാസം നീണ്ടു നില്‍ക്കുന്ന കൈകോര്‍ക്കാം പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.
Discussion about this post