തിരുവനന്തപുരം: അടുത്ത പത്തു വര്‍ഷത്തിനകം 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. നബാര്‍ഡ് സ്ഥാപകദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യ വികസനത്തിലാണ് കേരളം ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. അതിവേഗ റെയില്‍പാതയ്ക്ക് കിഫ്ബിയിലൂടെ 50,000 കോടി രൂപയാണ് സമാഹരിക്കുന്നത്. സാമ്പത്തിക പരിഷ്‌കാരം ധനകാര്യ മേഖലയിലേക്ക് വ്യാപിച്ചതായും ധനകാര്യ മേഖലയുടെ കാര്യക്ഷമത മാനദണ്ഡം സാമൂഹ്യ പ്രതിബദ്ധതയില്‍ നിന്ന് മാറിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കര്‍ഷക ഉത്പാദക സംഘങ്ങളെ നബാര്‍ഡ് പോലെയുള്ള സ്ഥാപനങ്ങള്‍ സഹായിക്കുന്നതിലൂടെ വയനാടിന്റെ മുഖഛായ മാറ്റാനാവുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു.
കേന്ദ്ര ധനമന്ത്രി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷക ഉത്പാദക സംഘങ്ങളെയും കാലാവസ്ഥാ അനുകൂല ഘടകങ്ങളെയും പ്രയോജനപ്പെടുത്തി വയനാടിനെ മാറ്റാനാവും. കാര്‍ബണ്‍ ന്യൂട്രല്‍ വയനാടാക്കി മാറ്റുന്നതിന് കൂടുതല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കാം. ഇവയെ ജിയോടാഗ് ചെയ്യുകയും ഒരു മരത്തിന് 50 രൂപ വീതം ലോണ്‍ നല്‍കുകയും ചെയ്യാം. മരം മുറിക്കുന്ന അവസരത്തില്‍ പണം തിരിച്ചുപിടിക്കാമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടു വച്ചു. മീനങ്ങാടി പ്രാഥമിക സഹകരണ സംഘത്തിന്റെ മാതൃക അദ്ദേഹം എടുത്തുപറഞ്ഞു. ഇതിനൊപ്പം ഇക്കോ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കാനാവും. വയനാട്ടിലെ കാപ്പി കര്‍ഷകരെ ഉള്‍പ്പെടുത്തി സംഘങ്ങള്‍ രൂപീകരിക്കുന്നതും പ്രത്യേക ബ്രാന്‍ഡിന്റെ പ്രാധാന്യവും ധനമന്ത്രി വിശദീകരിച്ചു. ഇതോടൊപ്പം മത്സ്യബന്ധന മേഖലയിലും ശ്രദ്ധപതിപ്പിക്കണം. 20,000 ത്തോളം കുടുംബങ്ങളുടെ പുനരധിവാസമാണ് നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. സമൃദ്ധി കോഫി ടേബിള്‍ ബുക്ക്, നബാര്‍ഡിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഗോ ഗ്രീന്‍ പോസ്റ്റര്‍, യൂണിറ്റ് കോസ്റ്റ് ബുക്ക്ലെറ്റ് എന്നിവ മന്ത്രി പ്രകാശനം ചെയ്തു.
ആര്‍. ബി. ഐ റീജ്യണല്‍ ഡയറക്ടര്‍ എസ്. എം. എന്‍. സ്വാമി, എസ്. എല്‍. ബി. സി കണ്‍വീനര്‍ ജി. കെ. മായ, പി. എഫ് . ആര്‍. ഡി. എ ചീഫ് ജനറല്‍ മാനേജര്‍ ആശിഷ് കുമാര്‍, എസ്. ബി. ഐ ജനറല്‍ മാനേജര്‍ റുമ ഡേ, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍, ജനറല്‍ മാനേജര്‍ ഡോ. പി. ശെല്‍വരാജ് എന്നിവര്‍ സംബന്ധിച്ചു.
Discussion about this post