ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയിലും അവര്‍ക്കെതിരായ അയോഗ്യതാ നടപടികളിലും തത്സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച വരെ തത്സ്ഥിതി തുടരാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സ്പീക്കറുടെ നടപടികളില്‍ കോടതിക്ക് ഇടപെടാനാകുമോയെന്ന കാര്യത്തില്‍ ഭരണഘടനാ ചോദ്യം ഉന്നയിക്കപ്പെട്ടതോടെ കോടതി ഇക്കാര്യത്തില്‍ വാദം കേള്‍ക്കുന്നത് നീട്ടുകയായിരുന്നു. രാജി അംഗീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരേ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിക്കൊപ്പം, എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന കോടതി ഉത്തരവിനെതിരേ സ്പീക്കറും സുപ്രീംകോടതിയിലെത്തിയതോടെയാണ് കര്‍ണാടക രാഷ്ട്രീയനാടകം കടുത്ത നിയമപ്രശ്‌നത്തിലെത്തിയത്. സ്പീക്കര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്ന് എംഎല്‍എമാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചപ്പോള്‍, എംഎല്‍എമാര്‍ അയോഗ്യത നേരിടുന്നവരാണെന്നും സ്പീക്കറുടെ നടപടികളിലും തീരുമാനങ്ങളിലും കോടതിക്ക് ഇടപെടാനാകില്ലെന്ന് അഭിഷേക് മനു സിംഗ്വിയും മറുവാദം ഉയര്‍ത്തി. സ്പീക്കറുടെ നടപടികളില്‍ ഇടപെടാന്‍ കോടതിക്കാവില്ല എന്ന വാദമുന്നയിക്കുന്നതിലൂടെ സ്പീക്കര്‍ തങ്ങളുടെ അധികാരത്തെ ചോദ്യംചെയ്യുകയാണോ എന്നു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ കോടതികൈയും കെട്ടി നോക്കി നില്‍ക്കണമെന്നാണോ പറയുന്നതെന്നും ചോദിച്ചു. ഇതിന് ഹരിയാനയിലെ രാജി വിഷയത്തില്‍ നാലുമാസം വരെ സമയം നല്‍കിയിരുന്നതാണെന്നു ചൂണ്ടിക്കാട്ടിയ രാജീവ് ധവാന്‍, എംഎല്‍എമാരുടെ വാദം മാത്രം കണക്കിലെടുത്ത് ഇത്തരത്തില്‍ ഉത്തരവു പുറപ്പെടുവിക്കാനാവുമോയെന്നും ചോദ്യം ഉന്നയിച്ചു. ഇതേത്തുടര്‍ന്ന് സ്പീക്കറുടെ നടപടികളില്‍ കോടതിക്ക് എത്രമാത്രം ഇടപെടാനാകുമെന്ന വിഷയത്തില്‍ വാദം തുടരാന്‍ മൂന്നംഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
Discussion about this post