തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ അഖില്‍ എന്ന വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. എസ്എഫ്‌ഐ നേതാക്കളായ ഇവര്‍ കേശവദാസപുരത്തുനിന്നുമാണ് പിടിയിലായത്. സംഭവശേഷം ഇവര്‍ ഒളിവിലായിരുന്നു. ഇവരെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസില്‍ ആറ് പ്രതികള്‍ പിടിയിലായി. എസ്എഫ്‌ഐ കേളെജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരും എസ്എഫ്‌ഐ പ്രവര്‍ത്തകനായ ഇജാബുമാണു വധശ്രമക്കേസില്‍ പോലീസിന്റെ പിടിയിലായത്. അദ്വൈത് കേസിലെ മൂന്നാം പ്രതിയും ആരോമല്‍, ആദില്‍ എന്നിവര്‍ ആറും ഏഴും പ്രതികളുമാണ്. പോലീസ് ആദ്യം പുറത്തുവിട്ട പ്രതിപ്പട്ടികയില്‍ ഇജാബിന്റെ പേരുണ്ടായിരുന്നില്ല. കുറ്റകൃത്യത്തില്‍ പങ്കാളികളായ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നേമം സ്വദേശിയായ ഇജാബിനെ ഞായറാഴ്ച രാവിലെ പോലീസ് അറസ്റ്റ്‌ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇജാബിനെ റിമാന്‍ഡ് ചെയ്തു. ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരെ തന്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പിടികൂടിയെന്നു പോലീസ് വ്യക്തമാക്കി.
Discussion about this post