തിരുവനന്തപുരം: എസ്എഫ്‌ഐക്കെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ക്കു സാക്ഷിയായ യൂണിവേഴ്‌സിറ്റി കോളേജില്‍ 18 വര്‍ഷത്തിന് ശേഷം കെഎസ്‌യു യൂണിറ്റ് പ്രഖ്യാപിച്ചു. പരീക്ഷാ ക്രമേക്കേടും എസ്എഫ്‌ഐ അധിക്രമങ്ങളിലെ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ട് നടത്തുന്ന സമരപ്പന്തലില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്താണ് പ്രഖ്യാപനം നടത്തിയത്.
അമല്‍ ചന്ദ്രന്‍ യൂണിറ്റ് പ്രസിഡന്റും ആര്യ എസ് നായര്‍ വൈസ് പ്രസിഡന്റുമായ ഏഴംഗ കമ്മിറ്റിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ആരോഗ്യകരമായ ക്യാംപസ് രാഷ്ട്രീയത്തിനായി പോരാടുമെന്ന് കെസ്‌യു യൂണിറ്റ് പ്രസിഡന്റ് പറഞ്ഞു. നേരത്തെ താനടക്കമുള്ളവരെ ഭയപ്പെടുത്തി എസ്എഫ്‌ഐക്ക് വേണ്ടി ജയ് വിളിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്നും അമല്‍ ചന്ദ്രന്‍ പറഞ്ഞു.
കത്തിക്കുത്തിനെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്‌സിറ്റി കോളേജ് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് തുറക്കുന്നത്. കനത്ത പൊലീസ് കാവലിലാണ് പ്രവര്‍ത്തനം നടക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പ്രിന്‍സിപ്പാളിനെ നിയമിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കെഎസ്‌യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.
Discussion about this post