തിരുവനന്തപുരം: ആപത്കാലത്തെ ഐക്യമാണ് ടൂറിസം ഉള്‍പ്പെടെ പല മേഖലകളെയും പ്രളയത്തില്‍നിന്നുള്ള തിരിച്ചുവരവിനു സഹായിച്ചതെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. കനകക്കുന്നില്‍ നിശാഗന്ധി മണ്‍സൂണ്‍ രാഗാസ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. സംഗീത ടൂറിസത്തിലേക്കുള്ള സംസ്ഥാനത്തിന്റെ വിജയകരമായ ചുവടുവയ്പ്പാണ് നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവമെന്നും ഗവര്‍ണര്‍ പറഞ്ഞു. അമേരിക്കയിലെ സമ്മര്‍ ഫെസ്റ്റിവല്‍ പോലുള്ള വിജയകരമായ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. കേരളത്തിന്റെ സംഗീതത്തോടുള്ള സമര്‍പ്പണം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിനു സംഗീതോത്സവം സഹായിക്കും. സംഗീതത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് സമാനമായ സംഗീതോത്സവങ്ങള്‍ മറ്റു നഗരങ്ങളിലും സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
തിരുവിതാംകൂര്‍ പൈതൃക ടൂറിസം പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചാല പൈതൃകത്തെരുവ് പദ്ധതിയും നടപ്പാക്കും. കനകക്കുന്ന് അടക്കമുള്ള അഭിമാന സ്മാരകങ്ങള്‍ തനിമ നിലനിര്‍ത്തി സംരക്ഷിക്കും. ഓണക്കാലത്ത് ചാമ്പ്യന്‍സ് ലീഗ് യാഥാര്‍ഥ്യമാവുകയാണ്. ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ച കാലമായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം. എന്നാല്‍ അതിജീവനത്തിനുള്ള നമ്മുടെ സഹജമായ കഴിവ് പ്രകടമാക്കാന്‍ ടൂറിസം വകുപ്പിനു കഴിഞ്ഞു. തളര്‍ന്നിരിക്കാതെ രംഗത്തിറങ്ങാനും പുതിയ ടൂറിസം പദ്ധതികള്‍ അവതരിപ്പിക്കാനും കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, കൗണ്‍സിലര്‍ പാളയം രാജന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ എന്നിവരും സംസാരിച്ചു. ഗവര്‍ണറുടെ പത്നി സരസ്വതി സദാശിവവും സദസ്സില്‍ സന്നിഹിതയായിരുന്നു.
ഉദ്ഘാടനച്ചടങ്ങിനു ശേഷം ഉണ്ണിക്കൃഷ്ണ പാക്കനാരും സംഘവും അവതരിപ്പിച്ച ബാംബൂ സിംഫണി ചിത്രവീണ എന്‍.രവികിരണും പ്ലാനറ്റ് സിംഫണി എന്‍ സെംബിളിലെ കലാകാരന്‍മാരും ചേര്‍ന്ന് ‘അവതരിപ്പിച്ച ചിത്രവീണക്കച്ചേരിയും അരങ്ങേറി. ജൂലൈ 24 വരെ എല്ലാ ദിവസവും നിശാഗന്ധിയില്‍ ദേശീയ, അന്തര്‍ദേശീയ പ്രശസ്തരായ സംഗീതജ്ഞര്‍ വൈകുന്നേരം 6.30നു പരിപാടികള്‍ അവതരിപ്പിക്കും. 24ന് നിശാഗന്ധി സംഗീതപുരസ്‌കാരം വിഖ്യാത സംഗീതജ്ഞരായ പാറശ്ശാല ബി.പൊന്നമ്മാള്‍, ഡോ.ടി.വി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കും.
Discussion about this post