തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള നിധി ശേഖരങ്ങളുടെ മൂല്യം ഒരു ലക്ഷം കോടിയോളമെത്തുന്നു. ഇന്നലെ എ നിലവറയിലെ കണക്കെടുപ്പു പൂര്‍ത്തിയായപ്പോള്‍ ഇതുവരെ കണ്ടെത്തിയ നിധി നിക്ഷേപത്തിന്റെ മൂല്യം 90,000 കോടിയിലെത്തി.
അത്യാധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങളും ത്രിതല സുരക്ഷാ കവചവും ഒരുക്കി ക്ഷേത്രത്തെ സംരക്ഷിക്കണമെന്നാണു യോഗത്തിലെ നിര്‍ദേശം. സുരക്ഷയ്‌ക്കായി രണ്ടു പ്ലറ്റൂണ്‍ പൊലീസ് സേനയെ ഇതിനകം നിയോഗിച്ചിട്ടുണ്ട്. എല്ലാ നടകളിലും ഇവരുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസം തുറന്ന എ നിലവറയിലെ കണക്കെടുപ്പാണു സുപ്രീംകോടതി നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ഇന്നലെ പൂര്‍ത്തിയായത്. ഓരോ നിലവറയും തുറക്കുമ്പോള്‍ സ്വര്‍ണങ്ങളും രത്‌നങ്ങളുമടങ്ങിയ നിധി ശേഖരത്തിന്റെ അമ്പരപ്പിക്കുന്ന കാഴ്‌ചകളാണു കണ്ടത്.
ശ്രീപത്മനാഭനു ചാര്‍ത്തുന്ന 18 അടി നീളവും 35 കിലോ ഭാരവുമുള്ള തങ്ക അങ്കിയാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. 13 കഷണങ്ങളായി സൂക്ഷിച്ച അങ്കി കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മാറ്റിവച്ചതാണെ ന്നാണു കരുതപ്പെടുന്നത്. കോടിക്കണക്കിനു രൂപ വിലവരുന്ന രത്‌നങ്ങളും വൈഡൂര്യങ്ങളും പതിപ്പിച്ച ഒഢ്യാണങ്ങള്‍, രത്‌നങ്ങള്‍ പതിപ്പിച്ച ഭാരിച്ച ആറു കങ്കണങ്ങള്‍, ഭഗവാനു ചാര്‍ത്താനുള്ള കൂറ്റന്‍ മാലകള്‍, നിവേദ്യം അര്‍പ്പിക്കാനുള്ള നവരത്‌നങ്ങളും സ്വര്‍ണവും കൊണ്ടു തീര്‍ത്ത ചിരട്ടകള്‍ എന്നിവ ഇന്നലെ വിസ്‌മയക്കാഴ്‌ചകളായി.
അപൂര്‍വ രത്‌നങ്ങള്‍ പതിപ്പിച്ച രണ്ടടിയോളം ഉയരമുള്ള, വിഷ്‌ണുഭഗവാന്റെ നില്‍ക്കുന്ന രൂപത്തിലുള്ള വിഗ്രഹം ഇവിടെനിന്നു കണ്ടെടുത്തു. ശിവപൂജക്കുപയോഗിക്കുന്ന അയ്യായിരത്തോളം തങ്കത്തിന്റെ എരുക്കിന്‍ പൂവുകള്‍, അനവധി സമര്‍പ്പിത വിഗ്രഹങ്ങള്‍, രാശിക്കല്ലുപതിച്ച മോതിരങ്ങള്‍, അരപ്പട്ടകള്‍, രണ്ടിഞ്ചുവീതിയിലുള്ള അടുക്കുമാലകള്‍, വൈഡൂര്യങ്ങള്‍ എന്നിവ എ നിലവറയെ സമ്പന്നമാക്കി.
മായാലോകത്തേക്ക് നയിക്കുന്ന നിധിശേഖരത്തിലൂടെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ക്ഷേത്രമായി മാറിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ പ്രത്യേക സുരക്ഷാ മേഖലയാക്കാന്‍ പൊലീസ് ഒരുങ്ങുന്നു ഡിജിപി: ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സ്‌ഥിതി വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചു പഠിക്കാന്‍ എഡിജിപി: വേണുഗോപാല്‍ കെ. നായരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു. ഐജിമാരായ കെ. പത്മകുമാര്‍, കെ. അനന്തകൃഷ്‌ണന്‍, എസ്. ഗോപിനാഥ് എന്നിവരാണ് അംഗങ്ങള്‍. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.
Discussion about this post