ന്യൂഡല്‍ഹി: ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിട്ടു. ജേക്കബ് തോമസിന്റെ പരാതിയില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ തെളിവില്ലാതെ ദീര്‍ഘകാലം സസ്‌പെന്‍ഷനില്‍ നിര്‍ത്തിയ നടപടി ശരിയല്ല. പോലീസില്‍ അദ്ദേഹത്തിന്റെ റാങ്കിനനുസരിച്ചുള്ള പദവി ഒഴിവില്ലെങ്കില്‍ തത്തുല്യമായ മറ്റേതെങ്കിലും പദവിയില്‍ അടിയന്തരമായി നിയമനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനില്‍ നില്‍ക്കുന്ന ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് പിണറായി വിജയന്‍ സര്‍ക്കാരിനു കടത്ത തിരിച്ചടിയായി. 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഓഖി ദുരന്ത രക്ഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിനായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. തുടര്‍ന്നു വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പലപ്പോഴായി സസ്‌പെന്‍ഷന്‍ നീട്ടി. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ സര്‍വീസ് സ്റ്റോറി എഴുതിയ കാരണവും ഇതില്‍ ഉള്‍പ്പെടുന്നു. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപിയാണ്. തുറമുഖ വകുപ്പു ഡയറക്ടറായിരിക്കേ ഡ്രഡ്ജിംഗ് നടത്തിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.
Discussion about this post