തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക മേഖലയില്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികള്‍ക്ക് നെതര്‍ലന്‍ഡ്‌സിന്റെ പിന്തുണ. വയനാട് അമ്പലവയലില്‍ സ്ഥാപിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സിലുള്‍പ്പെടെയുള്ള സഹകരണം സംബന്ധിച്ച് നെതര്‍ലാന്‍ഡ് അംബാസഡര്‍ മാര്‍ട്ടെന്‍ വാന്‍ഡെന്‍ ബെര്‍ഗ് കൃഷിമന്ത്രി വി. എസ്. സുനില്‍കുമാറിനെ സന്ദര്‍ശിച്ച വേളയില്‍ ചര്‍ച്ചചെയ്തു.
നെതര്‍ലാന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറിന്റേയും രാജ്ഞി മാക്‌സിമയുടേയും കേരളസന്ദര്‍ശനത്തിനു മുന്നോടിയായാണ് അംബാസിഡറും സംഘവും മന്ത്രിയെ സന്ദര്‍ശിക്കാനെത്തിയത്.
കാര്‍ഷികരംഗത്ത് നെതര്‍ലാന്‍ഡ്‌സ് പ്രയോജനപ്പെടുത്തുന്ന ഒട്ടേറെ സാധ്യതകളെ കേരളത്തിലും ആവിഷ്‌കരിക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ചചെയ്തു. വാഴപ്പഴം കേടുകൂടാതെ സൂക്ഷിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള മാതൃകകള്‍ അവലംബിക്കാന്‍ പദ്ധതിയുണ്ട്. ഫ്‌ളോറികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലുള്ള പിന്തുണ, അഗ്രോ ഇക്കോളജിയിലെ സാധ്യതകള്‍ എന്നിവയില്‍ സഹകരണത്തിന് ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. പൂകൃഷിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിപണനത്തിനുള്ള ലേലകേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്.
കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നെതര്‍ലാന്‍ഡ്‌സിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. കാര്‍ഷികരംഗത്ത് ഉഭയകക്ഷി സഹകരണം സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ക്കായി നെതര്‍ലാന്‍ഡ്‌സ് ഉന്നതതലസംഘം ഒക്ടോബര്‍ മാസം കേരളം സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.
ബാംഗ്ലൂര്‍ കൊണ്‍സില്‍ ജനറല്‍ ജെര്‍ട്ട് ഹൈജ്കൂപ്പ്, ധനകാര്യ കൗണ്‍സിലര്‍ ജൂസ് ജൈജര്‍, ഡെപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ ഹൈന്‍ ലാഗ്വീന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. കൃഷിവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിംഗ്, ഡയറക്ടര്‍ രത്തന്‍ യു. കേല്‍കര്‍, പി. രാജശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post