തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്ര സെപ്റ്റംബര്‍ 16ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും. അന്നു രാവിലെ സംഘടിപ്പിക്കുന്ന വിപുലമായ ടൂറിസം കോണ്‍ക്ലേവില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസം മന്ത്രിമാര്‍, സെക്രട്ടറിമാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇവര്‍ വൈകിട്ട് ഘോഷയാത്രയിലും സംബന്ധിക്കും. ഘോഷയാത്രയില്‍ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയെ പങ്കെടുപ്പിക്കാനും സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ തീരുമാനമായി. അദ്ദേഹത്തെ ന്യൂഡല്‍ഹിയില്‍ എത്തി നേരിട്ട് ക്ഷണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഘോഷയാത്ര വീക്ഷിക്കാന്‍ കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ പങ്കെടുപ്പിക്കാന്‍ പ്രത്യേക ശ്രമമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ഇവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കും. അതോടൊപ്പം ട്രാവല്‍ ഏജന്‍സികളുമായും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തും. പ്രളയശേഷമുള്ള കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഘോഷയാത്രയിലെ മുഖ്യ വിഷയം. സംസ്ഥാനത്തിന്റെ അതിജീവനത്തിന് പ്രാധാന്യം നല്‍കും. വിനോദസഞ്ചാരമേഖലയിലെ നേട്ടങ്ങള്‍ ലോകത്തെ ബോധ്യപ്പെടുത്താനാകുംവിധമുള്ള ഫ്ളോട്ടുകള്‍ അണിനിരത്തും. വികസനനേട്ടങ്ങള്‍, പൊതുവിദ്യാഭ്യാസമേഖല, ആര്‍ദ്രത്തിലൂടെ ആരോഗ്യം, ഹരിതകേരളം, ലൈഫ് ഭവനപദ്ധതി, കെയര്‍ഹോം, പട്ടികജാതി ഭവന പദ്ധതി, സ്ത്രീശാക്തീകരണം, സാഹസിക വിനോദസഞ്ചാരം, കേരളത്തിലെ ഉത്സവങ്ങള്‍, വടക്കന്‍ കേരളത്തിലെ ടൂറിസം വികസനം, ഭിന്നശേഷി ശാക്തീകരണം രാജ്യത്തിന്റെ ബഹുസ്വരത തുടങ്ങിയ വിഷയങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ ഫ്ളോട്ടുകളില്‍ ഊന്നല്‍ നല്‍കും.
വിവിധ വകുപ്പുകളുടെ തീം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ വിശദമായ ചര്‍ച്ച നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പുതിയ ആശയങ്ങള്‍ നല്‍കുന്നവര്‍ക്ക് സമ്മാനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 14ന് മുമ്പ് ആശയങ്ങള്‍ വകുപ്പുകള്‍ സമര്‍പ്പിക്കണം. 26ന് രേഖാചിത്രങ്ങളോടെ ആശയങ്ങള്‍ നല്‍കണം. ഇത് ടെക്നിക്കല്‍ കമ്മിറ്റി പരിശോധിച്ച് അന്തിമതീരുമാനം കൈക്കൊള്ളും.
സെപ്റ്റംബര്‍ 16ന് വൈകിട്ട് അഞ്ചിന് രാജ്ഭവനുമുന്നില്‍ നിന്നാണ് ഓണം ഘോഷയാത്ര ആരംഭിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതുമുതല്‍ 16 വരെയാണ് ഇത്തവണ വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഘോഷയാത്രയ്ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കും. കേരളത്തിലെ കലാരൂപങ്ങളുടെ വര്‍ണാഭമായ പ്രകടനങ്ങള്‍ക്കൊപ്പം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 ലേറെ കലാസംഘങ്ങളുടെ കലാവിരുന്നും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.
ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ യു.വി. ജോസ്, ഐ.ടി മിഷന്‍ ഡയറക്ടര്‍ ഡോ.എസ്. ചിത്ര, കെ.ടി.ഡി.സി എം.ഡി ആര്‍. രാഹുല്‍, കിറ്റ്സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്ത്, അഡീ. കമ്മീഷണര്‍ കെ. സഞ്ജയ് കുമാര്‍ ഗുരുഡിന്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.













