കൊച്ചി: വ്യവസായി പോള്‍ എം. ജോര്‍ജ് കൊല്ലപ്പെട്ട കേസിലെ എട്ട് പ്രതികളെ വെറുതെവിട്ടു. എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒമ്പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം സിബിഐ കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഒരാള്‍ ഒഴികെ എല്ലാവരേയും വെറുതെ വിട്ടത്. കേസിലെ രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയില്ല. സിബിഐ കോടതി വിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല. 2009ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. 2009 ഓഗസ്റ്റ് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ബൈക്കിലാണ് പോള്‍ മുത്തൂറ്റിന്റെ ഫോര്‍ഡ് എന്‍ഡവര്‍ ഇടിച്ചത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
Discussion about this post