തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി പ്രതിവര്‍ഷം മുപ്പതോളം കോടി രൂപയുടെ പദ്ധതി തയ്യാറാകുന്നു. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന്‍കീഴില്‍ കണക്കെടുപ്പ് തുടരുന്നതിനാല്‍ താത്കാലിക സുരക്ഷാസംവിധാനമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
”ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി അമൂല്യമാണ്. മുഖവിലമാത്രമാണ് ഇപ്പോള്‍ ഏറെക്കുറെ കണക്കാക്കിയിട്ടുള്ളത്. പുരാവസ്തുപരമായ മൂല്യം എത്രയോ ഇരട്ടിയുണ്ടാകും. ഇതിന്റെ സംരക്ഷണത്തിന് ദേശീയ പ്രാധാന്യമുണ്ട്. ക്ഷേത്രത്തിനും പരിസരത്തിനും ഏറ്റവും മികച്ച സുരക്ഷയൊരുക്കുന്നത് ഒരര്‍ഥത്തില്‍ അവിടെയുള്ള പൗരന്‍മാരുടെ കൂടി സംരക്ഷണത്തിനാണ്. ലോകോത്തര നിലവാരത്തിലുള്ള സംരക്ഷണമാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനായി ഉദ്ദ്യേശിക്കുന്നത്” – ഡി.ജി.പി. ജേക്കബ് പുന്നൂസ് പറഞ്ഞു.
സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി തുടങ്ങിയ കണ്‍ട്രോള്‍ റൂം പടിഞ്ഞാറെ നടയ്ക്കടുത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഫോര്‍ട്ട് സ്റ്റേഷനില്‍ നിന്നാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലേക്ക് കണ്‍ട്രോള്‍ റൂം മാറ്റിയത്. സിറ്റി പോലീസിലെ ഇരുന്നൂറോളം പോലീസുകാരും ക്യുക് റിയാക്ഷന്‍ ടീം, കേരള കമാന്‍ഡോസ് എന്നിവയിലെ 48 കമാന്‍ഡോകളുമാണ് ഇപ്പോള്‍ ക്ഷേത്രത്തിലെ സുരക്ഷാച്ചുമതല നിര്‍വഹിക്കുന്നത്.
ക്ഷേത്രത്തിന്റെ സുരക്ഷാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഭക്തര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാകാത്തവിധം സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post