Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ലേഖനങ്ങള്‍

ദേശനാമങ്ങളുടെ ചരിത്രം

by Punnyabhumi Desk
Jul 9, 2011, 02:52 pm IST
in ലേഖനങ്ങള്‍

ഡോ.എന്‍.അജിത്‌കുമാര്‍

മലയാളികളുടെ മാതൃരാജ്യമായ കേരളത്തിന്‌ പ്രാചീനകാലം മുതലേ കേരളം, മലയാളം, ഭാര്‍ഗ്ഗവക്ഷേത്രം, മലൈനാട്‌, മലബാര്‍ എന്നിങ്ങനെ വിവിധ പേരുകള്‍ പ്രസിദ്ധമായിരുന്നു. ഈ പദങ്ങളുടെ ഉത്‌പത്തി സംബന്ധിച്ച്‌ പണ്ഡിതന്മാര്‍ക്കിടയില്‍ വിഭിന്നാഭിപ്രായങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്‌. അവയുടെ വിശദാംശങ്ങള്‍ പരിശോധിക്കുക നമ്മുടെ പൈതൃകവിചാരണയില്‍ അനിവാര്യമായ കാര്യമാണ്‌.
ചേരം-കേരളം, ചേരന്‍ – കേരളന്‍ എന്നിവ പര്യായപദങ്ങളായാണ്‌ ഉപയോഗിച്ചുവന്നിരുന്നത്‌. കേരളം എന്ന പദത്തിന്റെ നിഷ്‌പത്തി സംബന്ധിച്ചു ചരിത്രപണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്‌താഭിപ്രായങ്ങളുണ്ട്‌. കേരം (തെങ്ങ്‌) ഏറെ വളരുന്ന നാട്‌ കേരളമായി എന്നു ജനാംഗീകാരമുള്ള വിശ്വാസം ചരിത്രകാരന്മാര്‍ തള്ളിക്കളയുന്നു. മലഞ്ചരിവ്‌ എന്ന അര്‍ത്ഥത്തിലുള്ള തമിഴ്‌ പദമായ `ചാരല്‍’ ഉച്ചാരണഭേദത്താല്‍ `ചേരലും’ പിന്നീട്‌ കേരളവുമായിത്തീര്‍ന്നുവെന്ന്‌ ഒരു വാദമുണ്ട്‌. ചേരത്തിന്റെ കന്നടോച്ചാരണമാണ്‌ കേരമെന്ന്‌ ഗുണ്ടര്‍ട്ട്‌. ചേര്‍ (ചെളി) + അളം (സ്ഥലം) ചേര്‍ന്നു ചതുപ്പുനിലമെന്ന്‌ അര്‍ത്ഥമുള്ള `ചേറളം’ കേരളമായെന്നു പ്രബലമായി മറ്റൊരു അഭിപ്രായവും കാണുന്നു. ചേര്‍ അഥവാ ചേര്‍ന്ത, കൂടിച്ചേര്‍ന്ന എന്ന അര്‍ത്ഥത്തില്‍ ചേരളവും അതു പിന്നീട്‌ കേരളവുമായി എന്ന്‌ എ.ശ്രീധരമേനോന്‍ വാദിക്കുന്നു.
ഐതരേയാരണ്യകത്തില്‍ സനാതനമൂല്യങ്ങളെ അനുസരിക്കാത്ത മൂന്നുജനവിഭാഗങ്ങളില്‍ `ചേരപാദ’രും ഉള്‍പ്പെടുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. രാമായണത്തില്‍ വാനരസേനയോട്‌ സീതയെ കേരളത്തിലും അന്വേഷിക്കാന്‍ സുഗ്രീവന്‍ അജ്ഞാപിക്കുന്നു.“നദീം ഗോതാവരീ ചൈവ
സര്‍വ്വമേവാനുപശ്ചത
തഥൈവാന്ധ്രാംശ്ച കേരളാന്‍”.
മഹാഭാരതത്തില്‍
“തതസ്സമുദ്രതീരേണ വംഗാന്‍
പൂണ്‍ഡ്രാന്‍സ കേരളാന്‍
തത്ര തത്രച ഭൂരീതി മ്ലേച്ഛസൈന്യാനേകശഃ” എന്ന്‌ അശ്വമേധപര്‍വ്വ (അ.83)ത്തിലും.
“പാണ്ഡവായ ദദൗ പാണ്ഡ്യ
സ്സംഖാസ്‌താവത ഏവ ച
ചന്ദനാ ഗുരു ചാനന്തം മുക്താ
വൈഡൂര്യ ചിത്രിനാഃ
ചോളശ്ച കേരളശ്ചോഭൗ ദനതുഃ പാണ്ഡവായവൈ” എന്നു സഭാപര്‍വ്വ (അ.78)ത്തിലും പരമാര്‍ശിക്കുതിനു പുറമേ ആദിപര്‍വ്വത്തിലും വനപര്‍വ്വത്തിലും കേരളപരാമര്‍ശം കാണാം. ദേവീഭാഗവതം തൃതീയസ്‌കന്ധത്തില്‍ കാശീരാജപുത്രി ശശികലയുടെ വിവാഹത്തില്‍ കേരളനും സന്നിഹിതനായിരുന്നതായി പറയുന്നു. ഇതില്‍ത്തന്നെ അഷ്‌ടമസ്‌കന്ധത്തില്‍ കേരളം പാതാളത്തില്‍ ഉള്‍പ്പെടുമെന്ന സൂചനയുമുണ്ട്‌. രുഗ്മിണീസ്വയംവരത്തിനു കേരളനും എത്തിയതായി ഭാഗവതം ദശമസ്‌കന്ധത്തില്‍ പറയുന്നു. കാര്‍ത്തവീര്യാര്‍ജ്ജുനന്റെ സാമന്തരില്‍ ചോള-കേരള-പാണ്ഡ്യന്മാര്‍ ഉള്‍പ്പെടുന്നുവെന്നു ബ്രാഹ്മാണ്ഡപുരാണം അന്‍പത്തിയെട്ടാം അദ്ധ്യായം രേഖപ്പെടുത്തിയിട്ടുണ്ട്‌. മത്സ്യപുരാണത്തിലാകട്ടെ `കൃതമാലാ മലയാചല പശ്ചിമാംഭോധി മദ്ധ്യേ’ എന്നു കേരളത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയവും ചെയ്‌തിരിക്കുന്നു.
“ഭയോത്സൃഷ്‌ട വിഭൂഷാണാം തേന കേരളയോഷിതാം
അളകേഷുച മുരേണശ്ചൂര്‍ണ്ണ പ്രതിനിധീകൃതേ” എന്നാണു രഘുവംശം നാലാം സര്‍ഗ്ഗം.
രണ്ടാമത്തെയും പതിമൂന്നാമത്തെയും അശോകസ്‌തംഭങ്ങളില്‍ `കേരളപുത്ര’ന്റെ രാജ്യം അശോക സാമ്രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലൊന്നായി പറഞ്ഞിരിക്കുന്നു. `പെരിപ്ലസ്‌ ത്രൂ ദി എറിത്രേനിയന്‍ സീ’ എന്ന ഗ്രീക്കു സഞ്ചാരവിവരണഗ്രന്ഥത്തില്‍ കേരളരാജാവിനെ `കേരബോത്രോസ്‌’ എന്നാണു പരാമര്‍ശിക്കുന്നത്‌. സുഭദ്രാധനഞ്‌ജയം തപതീസംവരണം എന്നീ നാടകങ്ങള്‍ രചിച്ചത്‌ `കേരളചൂഡാമണി’ എന്നുകൂടി വിശേഷിപ്പിക്കുന്ന കുലശേഖരനാണ്‌.
`ഉക്തം കേരളവംശകേതുരവിണാമദ്ധ്യാഹ്ന ശങ്കപ്രഭാ’ എന്നു `ശങ്കരനാരായണീയ’വും കേരള സൂചന നല്‍കുന്നു. തിരുനിഴല്‍മാല, ഉണ്ണിയച്ചീ ചരിതം, ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം, ലീലാതിലകം എന്നീ ഭാഷാകൃതികളിലും കേരളപരാമര്‍ശമുണ്ട്‌. ലീലാതിലകത്തില്‍ പാണ്ഡ്യഭാഷാ ചോളഭാഷാ എന്നിങ്ങനെ ദേശനാമാങ്കിതമായിത്തന്നെ കേരള ഭാഷയെന്നും പറഞ്ഞിട്ടുള്ളതു പ്രത്യേകം ശ്രദ്ധിക്കണം.
തുര്‍വസു വംശത്തില്‍ പിറന്ന ഗാന്ധാരനെന്ന രാജാവില്‍നിന്നാണു കേരള ദേശക്കാരുണ്ടായതെന്ന്‌ അഗ്നിപുരാണം 277-ാം അദ്ധ്യായത്തില്‍ കാണുന്നു.
“…….. കേരളക്കോന്‍
വന്‍പിന പൂവെനന്തന വടിവൊടു പരിപാലിത്താന്‍
കേരളം പുവെനമെന്നും കേവലം നാമം പെറ്റ” എന്നു തിരുനിഴല്‍മാല കേരളം എന്ന പേരിന്റെ ഉത്‌പത്തി സൂചന നല്‍കുന്നുണ്ട്‌. ഇതിനെ “ശ്രീ പൂവാല നരപതി ശ്രീ വീരരാഘവപ്പട്ടയം ശരിവെയ്‌ക്കുന്നു. `പണ്ടു ഇന്ദ്രന്റെ പുത്രനായ ജയന്തനു കേരളന്‍ എന്നു പേരായിട്ടു പരാക്രമത്തോടുകൂടി ഒരു പുത്രനുണ്ടായി. ആ പുത്രനായിട്ടു സമുദ്രത്തിന്റെ പുത്രിയായി ഭൂമിസ്വരൂപിയായിരിക്കുന്ന ഇവളെക്കൊടുത്തു അവര്‍ രക്ഷിക്കകൊണ്ടും കേരളം എന്നു പേരുണ്ടായി” എന്നത്രെ കേരളോത്‌പത്തി. “ചേരശബ്‌ദത്തിന്റെ സംസ്‌കൃതരൂപമായിരിക്കണം കേരളം. അതുകൊണ്ട്‌ കേരളവംശം എന്നതിനു ചേരവംശം എന്നാണര്‍ത്ഥമെന്നും കേരളന്‍ എന്ന രാജാവിനാല്‍ സ്ഥാപിതമായ വംശം എന്നല്ലെന്നും ഊഹിക്കുന്നതാണ്‌ ഉത്തമം” എന്ന ഇളംകുളത്തിന്റെ ഊഹത്തിന്‌ അടിസ്ഥാനം “അല്ലെങ്കില്‍ കുലശേഖരബിരുദത്തിനു ഉല്‍പ്പത്തി കല്‍പ്പിക്കുവാന്‍ മാര്‍ഗ്ഗമില്ല” എന്നതുകൊണ്ടുമാത്രമാണ്‌. മലയാളത്തിലെ `ച’കാരം സംസ്‌കൃതത്തിലെ `ക’കാരമായി മാറാനുള്ള കാരണം എന്തെന്നറിയില്ല. ഐതരേയ ആരണ്യകത്തില്‍ `ചേരപാദ’രെന്നുതന്നെ കാണുന്നതും ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നു. അതിനാല്‍ ഇളംകുളത്തിന്റെ അഭിപ്രായം ശരിയെന്നു തോന്നുന്നില്ല.
പ്രാചീന ചെന്തമിഴ്‌കൃതികളില്‍ കാണുന്ന ചേരന്‍ ചേരല്‍ ചേരലാതന്‍ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ വംശനാമസൂചകമാണ്‌. ചേരലാതന്‍ (=ചേരല്‍+ആതന്‍), ചേരലിരുമ്പൊറൈ (=ചേരല്‍+ഇരുമ്പൊറൈ) എന്നീ വിളിപ്പേരുകളിലെത്തുമ്പോള്‍ ഇത്‌ കൂടുതല്‍ തെളിയുന്നു. കോയമ്പത്തൂരിലും പരിസരങ്ങളിലും നിന്നു ലഭിച്ച പലശാസനങ്ങളിലും ചേരന്‍, കേരളന്‍ എന്നീ പദങ്ങള്‍ പര്യായമായി ഉപയോഗിച്ചിട്ടുണ്ട്‌. കേരളസിംഹന്‍, വീരകേരളന്‍, ചോളകേരളന്‍, വീരനാരായണവീരകേരളന്‍, വീരകേരള അമരഭജഗദേവന്‍ എന്നിങ്ങനെ പല ചേരരാജശാസന പരാമര്‍ശങ്ങളിലും കടന്നുവരുന്ന കേരളപദം വംശനാമമായി സ്വീകരിക്കുന്നതല്ലേ ഉചിതം? സൂര്യവംശഃ (മനുവംശം)ത്തിനും രഘുവംശം ഇക്ഷ്വാകുവംശം എന്നും ചന്ദ്രവംശത്തിന്‌ കുരുവംശമെന്നും പേരുണ്ടായതുപോലെ ചേരവംശത്തില്‍ പ്രസിദ്ധനായി ഒരു `കേരളന്‍’ ഉണ്ടായിരുന്നുവെങ്കില്‍ ആ വംശം കേരളവംശമെന്നുകൂടി അറിയപ്പെടാവന്നതേയുള്ളൂ. ഈ വാദത്തിനു പിന്‍ബലമായി രണ്ടു തെളിവുകളെങ്കിലും ഉള്ളപ്പോള്‍ മറ്റു വാദങ്ങള്‍ ഊഹത്തെ അടിസ്ഥാനമാക്കി മാത്രമാണെന്നതും ഇവിടെ ഊന്നിപ്പറഞ്ഞുകൊള്ളട്ടെ.

(തുടരും)

ShareTweetSend

Related News

ലേഖനങ്ങള്‍

കിത്തൂർ റാണി ചെന്നമ്മ: ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ആദ്യകാല ഭരണാധികാരി

ലേഖനങ്ങള്‍

ഭാരതീയ ദര്‍ശനശാസ്ത്രം ലോകക്ഷേമത്തിനു സമര്‍പ്പിച്ച അമൂല്യ വരദാനമാണ് യോഗ

ലേഖനങ്ങള്‍

കോവിഡ്19 കടന്നു പോകുമ്പോൾ

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies