ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ ഉപയോഗത്തിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. വര്‍ഷത്തില്‍ നാല് തവണ മാത്രമായി സബ്‌സിഡി നിരക്കില്‍ സിലിണ്ടര്‍ റീഫില്‍ ചെയ്ത് നല്‍കുന്നത് പരിമിതപ്പെടുത്താനാണ് ആലോചന. നാല് തവണയില്‍ കൂടുതല്‍ റീഫില്‍ ചെയ്യുമ്പോള്‍ സബ്‌സിഡി നിരക്കിന് പകരം മുഴുവന്‍ തുകയായ 800 രൂപയാണ് ഇപ്പോള്‍ ഓരോ സിലിണ്ടറിനും ഉപഭോക്താവ് നല്‍കേണ്ടി വരുന്നത്.
പുറമേ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും(വര്‍ഷം തോറും നാല് സിലിണ്ടര്‍) സബ്‌സിഡി നിരക്കില്‍ പാചകവാതകം നിജപ്പെടുത്തണമെന്ന നിര്‍ദേശമാണ് എണ്ണ മന്ത്രാലയത്തിന് മുന്നിലുള്ളത്. അതേസമയം ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഒറ്റതവണത്തേക്ക് 1400 രൂപയ്ക്ക് പുതിയ പാചകവാതക കണക്ഷന്‍ നല്‍കുന്നത് തുടരും.
അര്‍ഹരായവര്‍ക്ക് മാത്രം സബ്‌സിഡി നിരക്കില്‍ പാചകവാതകം ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുകയും അതോടൊപ്പം പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന മണ്ണെണ്ണയുടെ കരിഞ്ചന്ത തടയാനുമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ സമ്പന്നര്‍ക്കും പാവപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ പാചകവാതകം ലഭിക്കുന്ന സാഹചര്യമാണുള്ളത്. ആദ്യഘട്ടമായി വിപണിവിലയ്ക്ക് പാചകവാതകം നല്‍കേണ്ടവരുടെ പട്ടിക തയാറാക്കാനുള്ള നീക്കം ആരംഭിച്ചുകഴിഞ്ഞു.
Discussion about this post