
ഫത്തേപ്പുര്‍ (ഉത്തര്‍പ്രദേശ്): ‘കല്‍ക്ക മെയില്‍’ പാളം തെറ്റി മരിച്ചവരുടെ എണ്ണം 68 ആയി. ഗുരുതരമായി പരിക്കേറ്റവരെ കാണ്‍പൂരിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്നു. പശ്ചിമബംഗാളിലെ ഹൗറയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രമദ്ധ്യേ മാള്‍വ സ്റ്റേഷനടുത്തായിരുന്നു അപകടം. ഇവിടെ ഞായറാഴ്ച ഉച്ചയ്ക്ക് 12.20ന് തീവണ്ടിയുടെ 15 ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ പത്തെണ്ണത്തിന് കാര്യമായ കേടുപാട് സംഭവിച്ചു. ഈ ബോഗികളിലുണ്ടായിരുന്നവരാണ് മരിച്ചവര്‍. അപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യു.പി. തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ ഫത്തേപ്പുര്‍ ജില്ലയിലെ മാള്‍വ സ്‌റ്റേഷന്‍. സംഭവത്തെക്കുറിച്ച് റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ആയിരത്തിഇരുന്നൂറോളം യാത്രക്കാരാണ് വണ്ടിയിലുണ്ടായിരുന്നത്. ഒരു സ്വീഡീഷ് പൗരന്റേതടക്കം 25 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി ഫത്തേപ്പൂര്‍ എസ്.പി റാം ഭറോസ് പറഞ്ഞു. ഒരു സ്വീഡീഷ് പൗരനെക്കൂടി കാണാതായിട്ടുണ്ടെന്നും മറ്റൊരാള്‍ പരിക്കേറ്റ് ചികിത്സയിലാണന്നും അദ്ദേഹം അറിയിച്ചു.
250 ലേറെപ്പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. അപകടസമയത്ത് ട്രെയിന്‍ അതിന്റെ പരമാവധി വേഗത്തിലായിരുന്നെന്ന് അന്വേഷണത്തില്‍ അറിയുന്നു. വേഗം കുറയ്ക്കാന്‍ എന്‍ജിന്‍ െ്രെഡവര്‍ വണ്ടിയുടെ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതാവാം പാളം തെറ്റാന്‍ കാരണമെന്ന് സംശയിക്കുന്നതായി യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. ഹൗറഡല്‍ഹി റൂട്ടില്‍ മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ദീര്‍ഘദൂര വണ്ടികള്‍ ലഖ്‌നൗ വഴി തിരിച്ചുവിട്ടു. പതിമ്മൂന്ന് വണ്ടികള്‍ റദ്ദാക്കി
അപകടമുണ്ടായ ഉടനെ റെയില്‍വേയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍

രക്ഷാപ്രവര്‍ത്തനം തുടങ്ങി. കാണ്‍പുരില്‍ നിന്നും അലഹാബാദില്‍ നിന്നും രണ്ട് രക്ഷാവണ്ടികള്‍ സ്ഥലത്തെത്തി. കരസേനയുടെ 120 പേരടങ്ങുന്ന സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. ഗുരുതരമായി പരിക്കേറ്റവരെ കാണ്‍പുരില്‍ ആസ്പത്രിയിലേക്ക് മാറ്റാന്‍ സൈന്യത്തിന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ എത്തി.
പാളം തെറ്റിയവയില്‍ രണ്ട് എ.സി. കോച്ചുകളും ഉള്‍പ്പെടുന്നു. ബോഗി വെട്ടിപ്പൊളിച്ചാണ് ഇതില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. എന്‍ജിനു തൊട്ടുപിന്നിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് പാടേ തകര്‍ന്നു. ചില ബോഗികള്‍ മറ്റു ചിലതിന്റെ മുകളിലായി. ഈ ബോഗികളിലുള്ളവരെ പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. റെയില്‍വേ സഹമന്ത്രി കെ. എച്ച്.മുനിയപ്പ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ദുരന്തത്തില്‍ റെയില്‍വേ മന്ത്രാലയത്തിന്റ ചുമതല വഹിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടുക്കവും ദുഃഖവും പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ സഹമന്ത്രി മുകുള്‍റോയ് അഞ്ച് ലക്ഷം രൂപ വീതം സഹായധനം ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാറും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം അടിയന്തിര സഹായധനം അനുവദിച്ചിട്ടുണ്ട്.
Discussion about this post