തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യസ്ഥിതി ഞെരുങ്ങിയ സാഹചര്യത്തിലാണ് പുതിയ ബജറ്റ് തയ്യാറാക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഗുലാത്തി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ ബജറ്റിന് മുന്നോടിയായി ഗവ. ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച സാമ്പത്തിക വിദഗ്ധരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ജിഎസ്ടി അടക്കം ലഭിക്കേണ്ട തുകയില്‍ ഏകദേശം 15000 കോടിയുടെ കുറവുണ്ടായി. എന്നാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കുറയ്ക്കില്ല. അഞ്ച് വര്‍ഷം കൊണ്ട് കിഫ്ബി വഴി 50000 കോടിയുടേയും ബജറ്റ് വിഹിതത്തില്‍നിന്ന് 45000കോടി രൂപയുടേയും അടിസ്ഥാന വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്്ധരുടെയും പ്രതിനിധികളുടേയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും സാധ്യതകള്‍ പരിശോധിക്കുകയയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നികുതിയിതര വരുമാന വര്‍ദ്ധനവുമായി ബന്ധപ്പെട്ട പ്രധാന നിര്‍ദ്ദേശം പുഴകളിലേയും ഡാമുകളിലേയും മണല്‍ ഖനനമാണ്. നിലവില്‍ അനുമതി നല്‍കിയ ഖനനപ്രവര്‍ത്തനനങ്ങള്‍ക്ക് പുറമെ നടപടികള്‍ക്ക് വേഗംകൂട്ടാന്‍ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കാന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജീവനക്കാരെ പുനര്‍വിന്യസിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു. ജീവനക്കാര്‍ക്ക് ബുദ്ധിമുണ്ടാകാത്ത തരത്തിലാകും പുനക്രമീകരണം പരിഗണിക്കുകയെന്ന് മന്ത്രി പറഞ്ഞു. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 30:1 ആക്കിയപ്പോള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ എയ്ഡഡ് സ്‌കൂളുകളില്‍ അധികമായി നിയമിച്ച അധ്യാപകരുടെ കണക്കെടുക്കും. വിഷയം വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഭൂമി പരിവര്‍ത്തനം റഗുലറൈസ് ചെയ്യുന്നതിന്റെ ഫീസ് പരിഷ്‌കരിക്കണമെന്ന നിര്‍ദ്ദേശം ബജറ്റില്‍ പരിഗണിക്കും. ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചെലവ് കുറയ്ക്കണമെന്ന് ആരും ആവശ്യപ്പെടാത്തത് സ്വാഗതാര്‍ഹമാണ്. ബജറ്റ് പ്രവര്‍ത്തനങ്ങളുടെ ആഭ്യന്തര ഓഡിറ്റ് നടത്തണമെന്ന നിര്‍ദ്ദേശം പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വാര്‍ഷിക റിട്ടേണുകളുടെ വിവരം ലഭിക്കുന്നതോടെ നികുതിപിരിവ് ഊര്‍ജ്ജിതമാക്കി വരുമാന വര്‍ധനയാണ് ലക്ഷ്യമിടുന്നത്. വാര്‍ഷിക റിട്ടേണുകള്‍ പരിശോധിച്ച് നികുതി ചോര്‍ച്ച കണ്ട് പിടിക്കും. ഇതിനായി വകുപ്പിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കും. ധനപ്രതിസന്ധിയുണ്ടെങ്കിലും ശമ്പള പരിഷ്‌കരണ കാലാവധി നീട്ടില്ലെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
യോഗത്തിന് ഗുലാത്തി ഇന്‍സ്റ്റിറ്റൂട്ട്് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ ഡയറക്ടര്‍ പ്രൊഫ. കെ.ജെ ജോസഫ് നേതൃത്വം നല്കി. ധനകാര്യ സെക്രട്ടറി ആര്‍.കെ സിംഗ്, ധനകാര്യ വിദഗ്ധര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.













