തിരുവനന്തപുരം: ലോട്ടറികളിന്മേലുള്ള കേരള നികുതി (ഭേദഗതി) ബില്‍ നിയമസഭ പാസാക്കി. ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി തിങ്കളാഴ്ച തീരാനിരിക്കെയാണ് ബില്‍ അടിയന്തരമായി പരിഗണനയ്‌ക്കെടുത്തത്. നിയമമന്ത്രി കെ.എം. മാണിയാണ് ബില്‍ അവതരിപ്പിച്ചത്. ചൂതാട്ടമായി രംഗത്തുവന്ന ലോട്ടറിയെ നിയന്ത്രിക്കാന്‍ കേന്ദ്രനിയമം പോരെന്നും സംസ്ഥാന സര്‍ക്കാരിന് നേരിട്ടോ അല്ലാതെയോ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ കയറിക്കൂടാന്‍ പറ്റില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. അതേസമയം ലോട്ടറി സംബന്ധിച്ച് സി.ബി.ഐ. നടത്താനിരിക്കുന്ന അന്വേഷണത്തില്‍ വിഷയത്തിന്റെ വ്യാപ്തി പൂര്‍ണമായും ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പ്രമോട്ടറില്‍ നിന്നും നികുതിയിനത്തില്‍ ഈടാക്കുന്ന17 ലക്ഷം രൂപ എന്നത് അമ്പത് ലക്ഷം രൂപയും ഏഴ് ലക്ഷം രൂപയെന്നത് 25 ലക്ഷം രൂപയുമായി ഉയര്‍ത്തണമെന്ന ഭിന്നാഭിപ്രായക്കുറിപ്പാണ് പ്രതിപക്ഷം കൊണ്ടുവന്നത്.
യു.ഡി.എഫ്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് നിയമമാക്കുന്നതിലൂടെ തെളിയുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ലോട്ടറിയെ ചൂതാട്ടനിയമത്തില്‍പ്പെടുത്തി യു.ഡി.എഫ്. നിരോധിച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ ലോട്ടറി മാഫിയയെ സഹായിക്കുകയാണ് ചെയ്തത്. സാന്റിയാഗോ മാര്‍ട്ടിനെപ്പോലുള്ളവരുടെ മുന്നില്‍ മുട്ടുമടക്കിയെന്നും കുറ്റപ്പെടുത്തി.
പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതി കേസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി കെ.എം. മാണി വ്യക്തമാക്കി. ജൂലായ് 20ന് പരിഗണനയ്ക്ക് വരുന്ന കേസുകള്‍ സംബന്ധിച്ച് മുന്‍സര്‍ക്കാര്‍ വരുത്തിയ വീഴ്ചകളെക്കുറിച്ചും പ്രതികരിച്ചു. അഡ്വക്കേറ്റ് ജനറലിന് നടത്താവുന്ന കേസിന് 1.60 കോടി രൂപയാണ് നിധീഷ് ഗുപ്തയെന്ന അഭിഭാഷകന് കൊടുത്തത്. എന്നിട്ട് ഇപ്പോഴും കേസ് വിജയിപ്പിക്കാവുന്ന അവസ്ഥയിലെത്തിച്ചിട്ടുമില്ല. അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്ന എ.ജിയുടെ ശുപാര്‍ശ പരിഗണിക്കാതെയാണിത്.
ചരിത്രപ്രധാനമായ ബില്‍ ആയതിനാലാണ് അനുകൂലിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്നതെന്നും ഭീകരരെ സഹായിക്കാന്‍ ഉപയോഗിക്കുന്നതെന്നും ആരോപിക്കപ്പെടുന്ന ലോട്ടറി കുംഭകോണത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും അന്വേഷിക്കണം. എന്റെ മകനടക്കം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുണ്ടായി. അതും അന്വേഷിക്കണം. ചിദംബരമടക്കമുള്ള എല്ലാവര്‍ക്കുമെതിരായ കാര്യങ്ങള്‍ വിശദമായി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണംവി.എസ്. ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മുഖ്യമന്ത്രി ശക്തമായ അന്വേഷണം നടത്തുമെന്ന് സഭയയെ അറിയിച്ചു.
Discussion about this post