
ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും അതിലെ അളവറ്റ സ്വത്തുക്കളും സംരക്ഷിക്കാന്‍ രാജഭരണകാലത്ത് നിര്‍മ്മിച്ച കോട്ടകള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇവയില്‍ ചിലത് പുരാവസ്തു വകുപ്പിന്റെ കീഴിലാണെങ്കിലും അവരും സംരക്ഷിക്കുന്നകാര്യത്തില്‍ പുറകിലാണ്. അവരെ തന്നെ ഇപ്പോള്‍ ക്ഷേത്ര അറകളില്‍ സൂക്ഷിച്ചിരുന്ന കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണകൂമ്പാരം ഏല്പിച്ചാലത്തെ സ്ഥിതിയെന്താവും?
കിഴക്കേക്കോട്ട, തെക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട, പഴവങ്ങാടിക്കോട്ട, വിറകുപുരകോട്ട, അഴിക്കോട്ട, വെട്ടിമുറിച്ചക്കോട്ട, പുന്നപുരംകോട്ട, ശ്രീകണ്‌ഠേശ്വരംകോട്ട എന്നിവയാണ് ഒന്‍പതുകോട്ടകള്‍, കൂടാതെകോട്ടകള്‍ക്ക് മധ്യത്തായി ചെമ്പകമൂട്, ശ്രീപാദം, അന്നദാനപ്പുര, അഗ്രശാലഗണപതിക്ഷേത്രത്തിനു സമീപം, തിരുവമ്പാടി എന്നിവടങ്ങളിലായി ഒന്‍പതു വാതിലുകളും പണിതിട്ടുണ്ട്. ആക്രമണങ്ങളില്‍നിന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തേയും അമൂല്യ ശേഖരങ്ങളേയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് കോട്ടകളും വാതിലുകളും മാര്‍ത്താണ്ഡവര്‍മ്മയുടെയും തുന്നുവന്ന രാമവര്‍മ്മ മഹാരജാവിന്റെയും കാലത്ത് നിര്‍മ്മാണമാരംഭിച്ചത്, അതൊക്കെ ശ്രീമൂലം തിരുനാളിന്റെ കാലത്തോടെയാണ് പൂര്‍ത്തീകരിച്ചത്.

ഈ കോട്ടകളോട് ചേര്‍ന്ന് ഉയരത്തില്‍ സംരക്ഷണഭിത്തിയും നിര്‍മ്മിച്ചിരുന്നതിനാല്‍ ആര്‍ക്കും പെട്ടൊന്നൊന്നും അകത്ത് കടക്കാന്‍ കഴിയുമായിരുന്നില്ല. വീണ്ടുവിചാരത്തോടും ജനക്ഷേമതാല്പര്യത്തോടും രാജഭരണകാലത്ത് ചെയ്ത സത്യസന്ധമായ പ്രവര്‍ത്തനങ്ങളാണ് തിരുവിതാംകൂര്‍ ഭരിച്ച ചേരവംശജരായ രാജാക്കന്മാര്‍ ചെയ്തിരുന്നത്. ദൈവത്തെ മുന്നില്‍നിറുത്തി രാജ്യം ഭരിക്കുക എന്നത് ചേരവംശ രാജാക്കന്മാരുടെ രക്തത്തില്‍ അലിഞ്ഞ ഒരു വികാരമായിരുന്നു. അതുകൊണ്ടാണ് നൂറ്റാണ്ടുകളായി നിലവറകളില്‍ സസൂക്ഷ്മം സൂക്ഷിച്ചുവച്ചിരുന്ന അമൂല്യശേഖരങ്ങളില്‍ ഒന്നുപോലും നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിച്ചിരുന്നത്.
ഈ കോട്ടമതിലുകള്‍ക്കുള്ളിലായിട്ടാണ് കുതിരമാളിക, അനന്തവിലാസം, കൃഷ്ണവിലാസം, രംഗവിലാസം, ശ്രീപാദം, പുത്തന്‍മാളിക, സരസ്വതിവിലാസം തുടങ്ങിയ കൊട്ടാരങ്ങള്‍ സ്ഥിതിചെയ്യുന്നത്. പഴയകാലത്തെ നിര്‍മ്മാണ വൈഭവമാണ് ഈ കോട്ടകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്.

കരിങ്കല്ലും കുമ്മായവും മണ്‍കട്ടയുംകൊണ്ട് നിര്‍മ്മിച്ച കോട്ടകള്‍ക്ഷേത്രത്തെ ചുറ്റികിലോമീറ്ററുകളോളം നീളത്തിലായിരുന്നു. ചിലേടങ്ങളില്‍ വെറും കരിങ്കല്ലുകള്‍ നിശ്ചിതാകൃതിയില്‍ പൊട്ടിച്ചെടുത്ത് കുമ്മായമില്ലാതെതന്നെ കൊരുത്തുകയറ്റി കോട്ട നിര്‍മ്മിച്ചിരുന്നു. പടിഞ്ഞാറേക്കോട്ടയില്‍ ഈ നിര്‍മ്മാണ വൈഭവം ഇന്നും കാണാം.
ക്ഷേത്രത്തിനുചുറ്റുമുള്ള ഒന്‍പത് വാതിലുകള്‍ എല്ലാം തന്നെ തുറക്കാറില്ല. ഈ വാതിലുകളില്‍ ശ്രീപാദം കൊട്ടാരത്തില്‍ സ്ത്രീകള്‍ക്കും, ചെമ്പകത്തുമൂട് രാജാവിനും പ്രവേശിക്കാനുള്ളതാണ്. കോട്ടകളില്‍നിന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മദ്ധ്യഭാഗത്തായിട്ടാണ് അമൂല്യശേഖരങ്ങളുടെ നിലവറകള്‍ കാണപ്പെടുന്നത്. ഈ നിലവറകളുടെ നിര്‍മ്മാണം തന്നെ ആരേയും ആശ്ചര്യപരതന്ത്രരാക്കുന്നതരത്തിലാണ്. ഒരാള്‍ക്കും കൂട്ടത്തോടെ ചെന്നെടുക്കാന്‍ കഴിയില്ല. ഒരാള്‍ക്ക് കഷ്ടച്ചിറങ്ങാനുള്ള ഇടുങ്ങിയവഴികളാണ് കല്ലറകള്‍ക്കുള്ളത്.
നിലവിലുള്ള കോട്ടകളില്‍ കാലപ്പഴക്കംകൊണ്ടും പുരാവസ്തുവകുപ്പിന്റെ അനാസ്ഥകൊണ്ടും പലതും ഇന്ന് നാശോന്മുഖമാണ്. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലവും വാഹനങ്ങള്‍കടക്കുമ്പോഴും കോട്ടയുടെ വശങ്ങള്‍ ഇടിഞ്ഞുവീഴുന്നുണ്ട്. വെട്ടിമുറിച്ചകോട്ടയുടെ പലഭാഗങ്ങളും പൊട്ടിത്തകര്‍ന്നനിലയിലാണ്. ചരിത്രമൂല്യം തുടിക്കുന്നവെട്ടിമുറിച്ച കോട്ട ഇനിയും സംരക്ഷിക്കുന്നില്ലെങ്കില്‍ ആകോട്ട തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലാണ്.

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ വിലമതിക്കാനാവാത്ത അമൂല്യസ്വര്‍ണശേഖരം നൂറ്റാണ്ടുകളോളം നിലവറകളില്‍ സൂക്ഷിച്ചവാര്‍ത്തകള്‍ ലോകം സൃഷ്ടിക്കുമ്പോള്‍പോലും ചരിത്രത്താളുകളില്‍ ഇടം നേടിയ ശംഖുമുഖം കൊട്ടാരവും കൊട്ടാരത്തോടനുബന്ധിച്ചുള്ള ആറാട്ടുകുളവും വിസ്മൃതിയിലാണ്ടിരിക്കുകയാണ്. കൊട്ടാരം പുതുക്കിപണിനടന്നുവെങ്കിലും ആറാട്ടുകളും കാടുംപടലും കൊണ്ട് മൂടിക്കിടക്കുന്നതുകൂടാതെ ജനങ്ങള്‍ മാലിന്യം നിക്ഷേപിക്കാനുള്ള കുളമായും അത് മാറിക്കഴിഞ്ഞിരിക്കുന്നു. ആറാട്ടുകുളം ഇന്ന് ദുര്‍ഗന്ധപൂരിതമാണ്.
രാജഭരണകാലത്ത് ആറുമാസം കൂടുമ്പോള്‍ ഈ ആറാട്ടുകുളം ഇറച്ച് വൃത്തിയായി സൂക്ഷിച്ചിരുന്നു. തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം ഭരണം നടത്തിയ ചിത്തിരതിരുനാള്‍ മഹാരാജാവുവരെ ഈ ആറാട്ടുകുളത്തില്‍ ആറാട്ടുദിവസം നീരാടിയ ചരിത്രമാണുള്ളത്. ചിത്തിരതിരുനാളിന്റെ കാലത്തുതന്നെ ഈ കുളം ഉപേക്ഷിക്കുകയായിരുന്നു.
തുലാമാസത്തിലും മീനമാസത്തിലും നടക്കുന്ന ആറാട്ടുദിവസം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളുമായി പടിഞ്ഞാറെക്കോട്ടയില്‍ നിന്നും തിരിക്കുന്ന ആറാട്ട് ഘോഷയാത്ര ശംഖുമുഖം കടപ്പുറത്ത് എത്തിയാണ് സമാപിക്കുന്നത്. കടപ്പുറത്തെ കുളികഴിഞ്ഞാല്‍ മഹാരാജാവ് ആറാട്ടുകുളത്തില്‍ കുളിച്ചാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ തിരിച്ചെത്തുന്നത്. അപ്പോള്‍ 21 ആചാരവെടികള്‍ മുഴക്കാറുണ്ട്. അങ്ങിനെ ചരിത്രമേറെ ഉറങ്ങിക്കിടക്കുന്ന ശംഖുമുഖത്തെ ആറാട്ടുകുളവും സംരക്ഷിക്കാന്‍ നടപടിയുണ്ടാവണം. സംസ്ഥാന പുരാവസ്തുവകുപ്പ് ഏറ്റെടുക്കുന്നചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഒന്നുംതന്നെ സംരക്ഷിക്കപ്പെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണിന്ന്.
Discussion about this post