സ്വാമി സത്യാനന്ദ സരസ്വതി
1. വിദ്യേശ്വരസംഹിത
ഇത് ആദ്യത്തേതും ഇരുപത്തിയഞ്ച് അധ്യായങ്ങളോടുകൂടിയതുമാണ്. ശിവപുരാണമാഹാത്മ്യം ഇതില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്നു. ശിവനില്‍ അളവറ്റ ഭക്തിക്കും മുക്തിക്കുമുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ബ്രഹ്മാവും വിഷ്ണുവും തമ്മിലുള്ള ഔന്നത്യമത്സരം ശിവന്‍ എങ്ങനെ പരിഹരിച്ചുവെന്ന് ഈ പംക്തിയില്‍ വര്‍ണിച്ചിട്ടുണ്ട്. ശിവരാത്രിയില്‍ ശിവനെ പൂജിക്കേണ്ട വിധികളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രുദ്രഭസ്മം, രുദ്രാക്ഷം എന്നിവയുടെ മാഹാത്മ്യങ്ങള്‍ ശിവമാഹാത്മ്യത്തോടൊപ്പം വിദേശ്വരസംഹിതയില്‍ വര്‍ണനനാവിഷയമായിട്ടുണ്ട്.
2. രുദ്രസംഹിത
രണ്ടാംഭാഗം രുദ്രസംഹിതയാണ്. അഞ്ചു കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. രുദ്രസംഹിത ശിവതത്ത്വത്തെപ്പറ്റിയും വിശ്വാസപ്രമാണത്തെപ്പറ്റിയും വര്‍ണിക്കുന്നു. പ്രപഞ്ചഘടനാശാസ്ത്രവും ജഗദുത്പത്തിപുരാണവും ഇതില്‍ വര്‍ണനാവിഷയമായിട്ടുണ്ട്. കാമദേവന്റെ മേല്‍ നാരദനുണ്ടായ വിജയവും, നാരദന്റെ കാശി സന്ദര്‍ശനവുമെല്ലാം ശിവസങ്കല്പം പ്രകടമാകത്തക്കരീതിയില്‍ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. കാശിയിലെ ശിവലംഗത്തെ പ്രണവലിംഗമായിട്ടാണ് നാരദന്‍ പ്രകീര്‍ത്തിക്കുന്നത്.
(അ) സൃഷ്ടിഖണ്ഡം:– ശിവപൂജാവിധിക്രമവും, ശിവപൂജക്കുപയോഗിക്കേണ്ട പൂക്കളും ദ്രവ്യക്രമവുമെല്ലാം രുദ്രസംഹിതയിലെ സൃഷ്ടിഖണ്ഡത്തില്‍ വര്‍ണിച്ചിരിക്കുന്നു. പ്രപഞ്ചസൃഷ്ടിയുടെ അവസ്ഥാവിശേഷങ്ങള്‍ ഇതില്‍ പ്രത്യേകം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അളകാപതിയായ കുബേരന്റെ ചരിത്രം, ശിവനും സതിയുമായുള്ള വിവാഹം എന്നിവയെല്ലാം സൃഷ്ടിഖണ്ഡത്തിലുണ്ട്.
(ആ) സതീഖണ്ഡം:- രണ്ടാംഭാഗമായ സതീഖണ്ഡത്തില്‍ നാല്പത്തിമൂന്നു അധ്യായങ്ങളിലായി സതിയുടെ ജനനം, വിവാഹം എന്നിവ വര്‍ണിച്ചിരിക്കുന്നു. ശിവന്‍തന്നെ ശിവന്റെ സൃഷ്ടിമാഹാത്മ്യത്തെപ്പറ്റിയും ഇതില്‍ വര്‍ണിച്ചിട്ടുണ്ട്. രതിയും കാമനുമായുള്ള വിവാഹം, ദക്ഷയാഗം, വീരഭദ്രനാലുള്ള യജ്ഞവിഘ്‌നം ഇവയും സതീഖണ്ഡത്തിലുണ്ട്.
(ഇ) പാര്‍വതീഖണ്ഡം:- മൂന്നാമത്തേതായ പാര്‍വതീഖണ്ഡത്തില്‍ അമ്പത്തിയഞ്ച് അധ്യായങ്ങളുണ്ട്. പാര്‍വതിയുടെ ജനനം, തപസ്സ്, സൗന്ദര്യം, വിവാഹം എന്നിവ ഇതില്‍ വിവരിക്കപ്പെടുന്നു. താരകാസുരപരാക്രമവും പാര്‍വതീഖണ്ഡത്തിലുണ്ട്. കാമദഹനം ഈ ഖണ്ഡത്തിലാണ് വര്‍ണിച്ചിട്ടുള്ളത്. പുരാതനഭാരതത്തിലെ വിവാഹാഘോഷ ചടങ്ങുകളുടെ സ്വഭാവ നിരൂപണമെന്നോണം പാര്‍വതിയുടെ വിവാഹാഘോഷവര്‍ണന ഈ ഖണ്ഡത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
(ഈ) കുമാരഖണ്ഡം:-നാലാമത്തെ ഖണ്ഡം കുമാരഖണ്ഡമാണ്. ഇതില്‍ ഇരുപത് അധ്യായങ്ങളുണ്ട്. കാര്‍ത്തികേയജനനം താരകാസുരവധം എന്നിവ ഇതില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്നു. പല അധ്യായങ്ങളിലും താരകാസുരനും ദേവന്‍മാരുമായിട്ടുള്ള യുദ്ധം വര്‍ണനാവിഷയമാണ്. ഗണപതിയുടെ ജനനം, ആദ്യപൂജയ്ക്കുള്ള അര്‍ഹത, വിവാഹം എന്നിവയും ഈ അധ്യായത്തില്‍ വര്‍ണിച്ചിരിക്കുന്നു.
(ഉ) യുദ്ധഖണ്ഡം:- യുദ്ധഖണ്ഡമാണ് അഞ്ചാമത്തേത്. അമ്പത്തിയൊന്‍പത് അധ്യായങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അസുരര്‍ക്കെതിരെ ശിവന്‍ നടത്തിയ പോരാട്ടം, താരകാസുരനെതിരെ ദേവന്‍മാര്‍ ശിവനോടു നടത്തുന്ന അഭയാപേക്ഷ, ത്രിപുരദഹനം, ജലന്ധരാവധം, രാഹുവിനെയും കേതുവിനെയും പറ്റിയുള്ള വിവരണം ഇവയെല്ലാം ഈ ഖണ്ഡത്തില്‍ നിബന്ധിച്ചിരിക്കുന്നു. ശിവനില്‍ നിന്നും പാര്‍വതിയെ ആവശ്യപ്പെടുന്ന ജലന്ധരന്റെ അഹന്തയും, ജലന്ധരവധവും പ്രത്യേകം വര്‍ണിച്ചിട്ടുണ്ട്. ഡംഭാസുരന്റെ മകനായ ശംഖചൂഡനെയും ശിവന്‍ കൊല്ലുന്നതായി വര്‍ണിച്ചിട്ടുണ്ട്. ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു, അന്ധകാസുരന്‍ എന്നിവരെപ്പറ്റിയുള്ള വിവരണം ഈ ഖണ്ഡത്തില്‍ നിന്ന് ലഭിക്കുന്നു. ബാണാസുരന്‍ ശിവന്റെ ഭക്തനായി വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ബാണാസുരന്റെ മകളായ ഉഷയും അനിരുദ്ധനും തമ്മിലുള്ള വിവാഹവും, കൃഷ്ണനും ബാണാസുരനും തമ്മിലുള്ള യുദ്ധവും ഈ ഖണ്ഡത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ അഞ്ച് അധ്യായങ്ങളോടെ രണ്ടാംഭാഗമായ രുദ്രസംഹിത അവസാനിക്കുന്നു.
3. ശതരുദ്രസംഹിത
മൂന്നാമത്തേത് ശതരുദ്‌ര്‌സംഹിതയാണ്. നാല്പത്തിരണ്ട് അധ്യായങ്ങളുള്ള ഈ ഭാഗം ശിവന്റെ അവതാരം, തപസ് എന്നിവ വര്‍ണിക്കുന്നു. രാമനെപ്പറ്റിയും ലഘുവായ പ്രതിപാദനമുണ്ട്. ശിവനെ പ്രീതിപ്പെടുത്താനുള്ള അര്‍ജ്ജുന്റെ തപസ്സും പാര്‍വതീ പരിണയത്തിനുവേണ്ടി ശിവന്‍ സപ്തര്‍ഷികളും ഹിമവാനുമായി ചര്‍ച്ചനടത്തുന്നതും ഈ സംഹിതാഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ശിവന്റെ സദ്യോജാതന്‍, വാമദേവന്‍, തത്പുരുഷന്‍, അഘോരന്‍, ഈശാനന്‍, എന്നീ അവതാരങ്ങളുടെ കഥകള്‍ തുടങ്ങി ഋഷഭാവതാരം, യോഗേശ്വരാവതാരം, നന്ദീശ്വരാവതാരം, മഹാകാലാദി ദശാവതാരങ്ങള്‍, ഏകാദശരുദ്രന്മാര്‍, ദുര്‍വാസാവതാരം, ഹനുമദവതാരം, പിപ്പലാവതാരം, ദ്വിജേശ്വരാവതാരം, യതിനാഥാവതാരം, അവധൂതേശ്വരാവതാരം, സുരേശ്വരാവതാരം, കിരാതാവതാരം, ജ്യോതിര്‍ലിംഗാവതാരങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ അവതാരകഥകള്‍കൊണ്ട് സമ്പുഷ്ടമാണ് ശതരുദ്രസംഹിത.
4. കോടിരുദ്രസംഹിത
ശിവപുരാണത്തിലെ നാലാമത്തെ സംഹിത കോടിരുദ്ര സംഹിതയെന്നാണറിയപ്പെടുന്നത്. നാല്പത്തിമൂന്ന് അധ്യായങ്ങളിലായി ദ്വാദശ ജ്യോതിര്‍ലിംഗങ്ങള്‍, അവയുടെ ഉപലിംഗങ്ങള്‍, അവയുടെ പ്രാധാന്യങ്ങള്‍, കാശ്യാദി ക്ഷേത്രങ്ങളിലെ ലിംഗങ്ങള്‍, അവയുടെ പ്രാധാന്യം, ചരിത്രം, പൂജാഫലങ്ങള്‍; വിവിധ തീര്‍ത്ഥങ്ങള്‍, അവയുടെ ഉപലിംഗങ്ങള്‍, അവയുടെ പ്രധാന്യങ്ങള്‍, കാശ്യാദി ക്ഷേത്രങ്ങളിലെ ലിംഗങ്ങള്‍, അവയുടെ പ്രധാന്യം, ചരിത്രം, പൂജാഫലങ്ങള്‍; വിവിധ തീര്‍ത്ഥങ്ങള്‍, അവയുടെ മാഹാത്മ്യം, ഗൗതമന്റെ ഔദാര്യകഥനം, ബ്രാഹ്മണര്‍ക്ക് കിട്ടിയ ശാപം, എന്നിങ്ങനെ ശിവമാഹാത്മ്യം ഉടനീളം വ്യക്തമാകുന്ന ഈ സംഹിതയിലാണ് വിഷ്ണുവിന് ശിവന്‍ സുദര്‍ശനചക്രം ദാനം ചെയ്യുന്ന കഥാഭാഗവുമുള്ളത്. ശിവസന്തുഷ്ടിക്കുള്ള വ്രതങ്ങള്‍, വിശിഷ്യാ ശിവരാത്രിവ്രതവിധികള്‍, മാഹാത്മ്യങ്ങള്‍ ഇവയും ഇതില്‍ വ്യക്തമാക്കിയരിക്കുന്നു. ഭക്തി-മുക്തികളുടെ സ്വരൂപവര്‍ണനയും ശിവന്റെയും ബ്രഹ്മാദി രുദ്രമായ ത്രിമൂര്‍ത്തികളുടെ സ്വരൂപവര്‍ണനയും ഈ സംഹിതയിലുണ്ട്. ശിവതത്ത്വജ്ഞാനത്തിന്റെ വിശദീകരണത്തോടെ ഈ സംഹിത അവസാനിക്കുന്നു.
5. ഉമാസംഹിത
അഞ്ചാമത്തേത് ഉമാസംഹിതയാണ്. അമ്പത്തിയൊന്ന് അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണിത്. വിവിധ നരകങ്ങള്‍, ദാനങ്ങളുടെ പ്രാധാന്യം, വിവിധ രീതിയിലുള്ള സൃഷ്ടികള്‍, മനു. ഇക്ഷ്വാകു, സഗരന്‍ തുടങ്ങിയവരുടെ രാജവംശങ്ങള്‍ ഇവയെല്ലാം ഉമാസംഹിതയില്‍ കാണുവാന്‍ കഴിയും. ഈ രാജവംശങ്ങള്‍ക്ക് ശിവനിലുള്ള ബന്ധവും ഭക്തിയും ഉമാസംഹിതയില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്നു. ജ്ഞാനയോഗം, ക്രിയായോഗം, ഭക്തിയോഗം, ദശഹാവിദ്യയുടെ ഉദ്ഭവം തുടങ്ങിയ പലവസ്തുതകളുടെ ജ്ഞാനവും ഉമാസംഹിതയിലൂടെ ലോകത്തിന് ലഭിക്കുന്നു.
6. കൈലാസസംഹിത
കൈലാസസംഹിതയാണ് ആറാമത്തേത്. ഇതില്‍ ഇരുപത്തിമൂന്ന് അധ്യായങ്ങളുണ്ട്. ശൈവസിദ്ധാന്തങ്ങളുടെ വിവിധ വശങ്ങള്‍ ഈ അധ്യായങ്ങളില്‍ വര്‍ണിച്ചിരിക്കുന്നു. പ്രണവസ്വഭാവം, ദീക്ഷാവൈവിധ്യങ്ങള്‍, ആസനങ്ങള്‍, ശിവാരാധനാകേന്ദ്രങ്ങള്‍, പ്രാണായാമവിധി, ശിവസ്‌തോത്രങ്ങളുടെ പേരുകള്‍, സംന്യാസത്തിന്റെ മഹിമ എന്നിവയെല്ലാം ശിവമാഹാത്മ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് കൈലാസസംഹിതയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു…
7. വായവ്യസംഹിത
ഇത് അവസാനത്തേതാണ്. പൂര്‍വഖണ്ഡമെന്നും ഉത്തരഖണ്ഡമെന്നും രണ്ടുഭാഗങ്ങളായി ഈ സംഹിത തരംതിരിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തേതില്‍ മുപ്പത്തിയഞ്ചു അധ്യായങ്ങളും രണ്ടാമത്തേതില്‍ നാല്പത്തിയൊന്ന് അധ്യായങ്ങളും അടങ്ങിയിരിക്കുന്നു. ശിവന്‍, പശുപതി, എന്നീ ശബ്ദങ്ങളുടെ അര്‍ഥം, പ്രപഞ്ചവുമായിട്ടുള്ള ബന്ധം, ശിവനില്‍ നിന്നുള്ള സൃഷ്ടി, സതീചരിതം, സതിയുടെ ജീവത്യാഗാനന്തരമുള്ള പാര്‍വതിയുടെ ജനനം, രുദ്രഭസ്മം, രുദ്രാക്ഷം എന്നിവയുടെ പ്രാധാന്യം, ശിവപൂജാവിധിക്രമം ഇവയെല്ലാമുള്‍പ്പെട്ടതാണ് വായവ്യസംഹിതയിലെ പൂര്‍വഭാഗം. ഉത്തരഭാഗത്തില്‍ പശുപതിവ്രതത്തെപ്പറ്റി വര്‍ണിച്ചിരിക്കുന്നു. ശൈവസിദ്ധാന്തവുമായിട്ട് വളരെയേറെ ബന്ധമുള്ള ഭാഗമാണിത്. ശിവഭക്തന്‍മാര്‍ക്കുള്ള നിയമങ്ങള്‍, ശിവനുവേണ്ടിയുള്ള യജ്ഞം, ശിവന്റെ അവതാരം, ദക്ഷന്റെ ജനനം എന്നിവയെല്ലാം വിശദമായി വര്‍ണിച്ചുകൊണ്ട് ഈ ഭാഗം സമാപിക്കുന്നു.
ആദിപുരുഷനും പരമാത്മാവുമായി ശിവനെ ദര്‍ശിച്ചുകൊണ്ടാണ് ഈ മഹാഗ്രന്ഥത്തിലെ ആവിഷ്‌കരണം ആദ്യന്തം രൂപപ്പെട്ടിരിക്കുന്നത്. ശിവമാഹാത്മ്യം ഉടനീളം വര്‍ണിക്കപ്പെട്ടിട്ടുണ്ട്. അവര്‍ണനീയവും അഗോചരവുമായ ബ്രഹ്മസ്വരൂപം തന്നെയാണ് ശിവദര്‍ശനത്തിലുള്ളത്. ആദിപുരുഷന്‍ ശിവന്‍ തന്നെയാണ്. വിഷ്ണുവിനും ബ്രഹ്മാവിനും ഭൗതികസ്വഭാവങ്ങള്‍ കല്‍പിക്കുമ്പോള്‍ ശിവന് ബ്രഹ്മകല്പനയാണ് നല്കിയിരിക്കുന്നത്. പ്രണവം ശിവനായി വര്‍ണിക്കപ്പെട്ടിരിക്കുന്നു. പ്രണവത്തിനും ശിവനും അഭേദത്വമാണ് ദര്‍ശിച്ചിരിക്കുന്നത്.
‘യന്മനസാ ന മനുതേ
യേനാഹൂര്‍മനോമതം
തദേവ ബ്രഹ്മ ത്വം വിദ്ധി
നേദം യദിദമുപാസതേ. (കേനോപനിഷത്ത്, 1-5)
‘ചിന്തിച്ചറിയാന്‍ കഴിയാത്തതും എന്നാല്‍ മനസ്സിന് ചിന്താശക്തി നല്‍കുന്നതും യാതൊന്നാണോ അതുതന്നെയാണ് ബ്രഹ്മമെന്ന് നീ ധരിച്ചാലും’ എന്നുള്ള ബ്രഹ്മഭാവന ഉപനിഷത്തില്‍ വര്‍ണിച്ചിരിക്കുന്നത്. അതേ അര്‍ത്ഥത്തില്‍ തന്നെ ശിവനിലും സങ്കല്പിച്ചുകൊണ്ടാണ് ശിവപുരാണത്തില്‍ ശിവദര്‍ശനം വര്‍ണിക്കപ്പെടുന്നത്. ശിവന്‍തന്നെയാണ് ആദിപുരുഷനെന്നും പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്. കാലം (കാലന്‍), കര്‍മം ഇവയ്ക്ക് നിയന്ത്രിക്കാനാവാത്ത അധീശത്വമാണ് ശിവസങ്കല്പത്തിലുള്ളത്. കാലവും കര്‍മവും ശിവനില്‍നിന്നുണ്ടായി ശിവനില്‍ ലയിക്കുന്നതായി വര്‍ണിച്ചിരിക്കുന്നു.
Discussion about this post