തിരുവനന്തപുരം: 2017 ജൂലൈ മുതല്‍ 2020 ജനുവരി വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് ലേറ്റ് ഫീസില്‍ ഇളവുകള്‍ അനുവദിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ജി. എസ്. ടി കൗണ്‍സില്‍ യോഗം ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു.
നികുതി ബാധ്യത ഇല്ലാത്തവര്‍ക്ക് ലേറ്റ് ഫീസ് ഉണ്ടാവില്ല. മറ്റുള്ളവര്‍ക്ക് നിലവിലെ ലേറ്റ് ഫീസ് പതിനായിരം എന്നത് 500 രൂപയായി കുറച്ചു. ഈ ആനുകൂല്യം ജൂലൈ ഒന്നു മുതല്‍ ലഭിക്കും. സെപ്റ്റംബര്‍ 30 നകം കുടിശ്ശിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
അഞ്ചു കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്ക് കോവിഡ് പരിഗണിച്ച് നല്‍കിയിരുന്ന റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള ലേറ്റ് ഫീസ്, പലിശ ഇളവുകള്‍ 2020 സെപ്റ്റംബര്‍ വരെ നീട്ടാനും യോഗം തീരുമാനിച്ചു. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നല്‍കിയിരുന്ന ഈ ഇളവ് മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലും ലഭിക്കും.
വിപരീത നികുതി ഘടനയുള്ള തുണിത്തരം, പാദരക്ഷ, വളം എന്നിവയുടെ നികുതി ഉയര്‍ത്തണമെന്ന വിഷയത്തില്‍ കേരളം ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങള്‍ എതിര്‍പ്പറിയിച്ചതിനെ തുടര്‍ന്ന് പിന്നീട് ചര്‍ച്ച ചെയ്യാനായി മാറ്റി. 2017-18ല്‍ നീക്കിയിരിപ്പ് ഐ. ജി. എസ്.ടി സംസ്ഥാനങ്ങള്‍ക്കു വീതം വയ്ക്കുന്നതിനു പകരം കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ചേര്‍ത്ത നടപടി തിരുത്തുനുള്ള തീരുമാനത്തെ കേരളം സ്വാഗതം ചെയ്തു. 32,000 കോടി രൂപയോളം സംസ്ഥാനങ്ങള്‍ക്ക് കൊടുത്തു കഴിഞ്ഞു. 17000 കോടി ഇനിയും നല്‍കാനുണ്ട്. മന്ത്രിമാരുടെ ഒരു സമിതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഡെവൊല്യൂഷന്‍, കോമ്പന്‍സേഷന്‍ കണക്കുകള്‍ പരിശോധിച്ച് ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട തുക കണക്കാക്കും.
സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ജി. എസ്. ടി നഷ്ടപരിഹാര തുക നല്‍കുന്നതിന് ജി. എസ്. ടി കൗണ്‍സില്‍ തുക കടമെടുക്കുന്നതും കോമ്പന്‍സേഷന്‍ സെസ് പിരിക്കുന്നതും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജൂലൈ പകുതിയോടെ കൗണ്‍സില്‍ വീണ്ടും ചേരും. അതിനു മുമ്പ് സംസ്ഥാനങ്ങള്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൗണ്‍സിലിനെ അറിയിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
Discussion about this post