തിരുവനന്തപുരം: കേരള അംഗീകൃത സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാനേജര്‍മാര്‍ ടെക്‌സ്റ്റ് ബുക്ക് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് 21 ദിവസം പിന്നിട്ടിട്ടും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കേരള അംഗീകൃത സ്‌കൂള്‍ മാനേജുമെന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ് കണ്ണശ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജിന്‍ കലാം, അബ്ദുള്‍ കലാം, ദിലീപ് സദനത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അഞ്ചുമാസം മുമ്പുതന്നെ മുഴുവന്‍ പണവും അടച്ച അംഗീകൃത സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും പാഠപുസ്തകം ലഭ്യമാക്കാത്തത് കടുത്ത വിവേചനവും അനീതിയുമാണെന്ന് ആനന്ദ് കണ്ണശ പറഞ്ഞു. പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്നേ വിദ്യാലയങ്ങളില്‍ എത്തിയെന്ന് പരസ്യം ചെയ്യുകയും അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം അപ്രാപ്യമാവുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരിയില്‍ തന്നെ ഇന്‍ഡന്റ് നല്‍കി ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ പുസ്തകങ്ങളുടെ മുഴുവന്‍ തുകയും സ്‌കൂളുകള്‍ അടച്ചിരുന്നു. എന്നാല്‍ നാളിതുവരെ പുസ്തകം ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. പാഠപുസ്തമില്ലാതെ ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രയോജനം കുട്ടികള്‍ക്ക് പൂര്‍ണമായും ലഭിക്കുകയില്ല. ഇനിയും ലഭ്യമായിട്ടില്ലെങ്കില്‍ പുതിയ പ്രക്ഷോഭപരിപാടികള്‍ മുഴുവന്‍ ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഡിപ്പോകള്‍ക്ക് മുന്നിലും സംഘടിപ്പിക്കുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post