തിരുവനന്തപുരം: വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിയിലുളള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ കിറ്റുകള്‍ ഉള്‍പ്പെടെയുളള സുരക്ഷാ ഉപകരണവും ഭക്ഷണവും ലഭ്യമാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിയിലുളള പോലീസ് ഉദ്യോഗസ്ഥരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരു പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഡ്യൂട്ടി പോയിന്റുകളില്‍ എത്തി ജോലി ചെയ്ത് മടങ്ങേണ്ടതാണ്. അവര്‍ പോലീസ് സ്റ്റേഷനുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടതില്ല. വാറണ്ടില്‍ പ്രതികളെ അറസ്റ്റ് ചെയ്യുക മുതലായ നടപടികള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ആകാവൂ. മൃതദേഹങ്ങളില്‍ നിന്ന് എടുക്കുന്ന വസ്തുക്കള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോലീസ് സ്റ്റേഷനുകളില്‍ പ്രവേശിപ്പിക്കരുത്.
കണ്ടെയിന്‍മെന്റ് സോണുകളില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കണം. പോലീസ് സ്റ്റേഷനും വാഹനങ്ങളും ഇടയ്ക്കിടെ അണുനശീകരണം ചെയ്യണം. കഴിയുന്നതും പൊതുജനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ അവര്‍ക്ക് സേവനം നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
Discussion about this post