തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത് പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലെ പല പ്രദേശങ്ങളിലും സമാനമായ വെല്ലുവിളി നേരിടുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഇനിയും ഉയരുവാന്‍ സാധ്യതയുണ്ട്. എതു സമയവും നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടിവരാം. ഇതു സംസ്ഥാനത്തിനാകെ ബാധകമാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം സമൂഹവ്യാപനത്തിലേക്ക് അടുക്കുകയാണെന്ന ആശങ്കയുണ്ട്. ആളുകള്‍ കൂട്ടംകൂടുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കേ ആളുകള്‍ പുറത്തിറങ്ങാവൂ.
അതിര്‍ത്തിക്കപ്പുറത്തുനിന്നു വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേക ഒപി തുടങ്ങും. ആവശ്യമെങ്കില്‍ രോഗബാധിതര്‍ക്കായി കിടത്തിചികിത്സയും ആരംഭിക്കും. കമാന്‍ഡോകളും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 500 പോലീസുകാരെ പൂന്തുറയില്‍ വിന്യസിച്ചു. റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്ന വയോധികര്‍ക്കു വീടുകളില്‍ ആവശ്യത്തിനു സൗകര്യങ്ങളില്ലെങ്കില്‍ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി പാര്‍പ്പിക്കുന്നതിനേക്കുറിച്ച് ആലോചിക്കണം. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post