തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച 339 പേരില്‍ 301 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. ഉറവിടമറിയാത്ത 16 പേര്‍ വേറെയും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 91 പേര്‍ക്കാണ് ബുധനാഴ്ച അവിടെ പരിശോധന നടത്തിയത്. ഇതേ സ്ഥാപനത്തിലെ 81 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചപ്പോള്‍ 17 പേര്‍ക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് വന്നുപോയത്. ഇവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവിടെ ജോലി ചെയ്യുന്നവര്‍ ഏറെയും തമിഴ്‌നാട്ടുകാരാണ്. അതുകൊണ്ട് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്. കൂടുതല്‍ തമിഴ്‌നാട്ടുകാര്‍ ജോലി ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളും ഉണ്ട്. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണം പാലിക്കാതെ ആളുകള്‍ കടയില്‍ ചെന്ന് സാധനം വാങ്ങുന്നതിനൊപ്പം കൊറോണയും വാങ്ങി തിരിച്ച് പോകുന്ന അവസ്ഥയാണ്. എല്ലാവരെയും ശ്രദ്ധയോടെ ചിന്തിപ്പിക്കേണ്ട കാര്യമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post