തിരുവനന്തപുരം: റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലുള്ളവരെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീലഗിരി കുന്നുകളില്‍ അതിതീവ്ര മഴയുണ്ടാകുന്നത് വയനാട്, മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, പാലക്കാട് ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ അപകടസാധ്യത വര്‍ധിപ്പിക്കും. ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നത് എറണാകുളം ജില്ലയെയും ബാധിക്കാനിടയുണ്ട്.
കാലാവസ്ഥ മുന്നറിയിപ്പുകളെ ഗൗരവത്തില്‍ കാണണം. ജില്ലാതല പ്രവചനമായതിനാല്‍ തങ്ങളുടെ പ്രദേശത്ത് നിലവില്‍ മഴയില്ലെങ്കില്‍ മുന്നറിയിപ്പിനെ അവഗണിക്കുന്ന രീതി നാട്ടിലുണ്ട്. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നിട്ടില്ല. വൈദ്യുതി വകുപ്പിന്റെ പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് വിടുന്നുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ ചില അണക്കെട്ടുകളിലും ജലം പുറത്തേക്കൊഴുക്കുന്നുണ്ട്.
മണിമലയാറില്‍ മാത്രമാണ് വാണിങ് ലെവലിനോട് അടുത്തുള്ള ജലനിരപ്പ് ഉള്ളത്. എങ്കിലും നദികളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കണം. കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ വീണും പോസ്റ്റുകള്‍ വീണും അപകടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത് ശ്രദ്ധിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തും.
Discussion about this post