തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണനീക്കത്തിന് ഇ-വേ ബില്‍ നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് അറിയിച്ചു. ജി.എസ്.ടി കൗണ്‍സിലിന്റെ സ്വര്‍ണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തില്‍ ഇന്ത്യയിലെ സ്വര്‍ണനീക്കത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിവിധ സംസ്ഥാനങ്ങള്‍ ഇ-വേ ബില്ലിനോട് യോജിപ്പില്ല എന്നാണ് അറിയിച്ചത്. ഈ പശ്ചാത്തലത്തില്‍ ഓരോ സംസ്ഥാനത്തിനും അവരുടെ സംസ്ഥാനത്തിനുള്ളില്‍ സ്വര്‍ണനീക്കത്തിന് ഇ-വേ ബില്‍ നടപ്പാക്കാന്‍ അനുമതി വേണമെന്ന കേരളത്തിന്റെ മന്ത്രിതല ഉപസമിതി അംഗീകരിക്കുകയായിരുന്നു.
ജി.എസ്.ടി കൗണ്‍സിലിന്റെ സ്വര്‍ണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിനുശേഷമാണ് ധനകാര്യമന്ത്രി തീരുമാനം അറിയിച്ചത്. കേരളത്തില്‍ ഇ-വേ ബില്‍ നടപ്പാക്കുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ തയാറാക്കി അടുത്ത യോഗത്തില്‍ അവതരിപ്പിക്കും.
കേരളത്തില്‍ ഇ-വേ ബില്‍ വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയമപരമല്ലാതെ കൊണ്ടുപോകുന്ന സ്വര്‍ണം പിടിച്ചെടുക്കാം. മുമ്പ് രേഖകളില്ലാത്ത സ്വര്‍ണം പിടിച്ചെടുത്താല്‍ മൂന്നു ശതമാനം നികുതിയും തുല്യമായ തുക പിഴയും അടച്ചാല്‍ സ്വര്‍ണം വിട്ടുനല്‍കുമായിരുന്നു. സ്വര്‍ണം പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായാല്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ 20 ശതമാനം വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമായി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. വിവരംനല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. ഇ-വേ ബില്‍ വന്നാല്‍ സ്വര്‍ണനീക്കം കൃത്യമായി അറിയാനാകും.
കൃത്യമായ രേഖകളോടെ മാത്രമേ സ്വര്‍ണം കൈമാറ്റവും നീക്കവും സാധ്യമാകൂവെന്നും മന്ത്രി അറിയിച്ചു.














Discussion about this post