തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് വ്യാജമാണോ എന്ന് അറിയുന്നതിനായി ഇനി മൊബൈല്‍ ഫോണില്‍ ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ മൊബൈല്‍ ഫോണില്‍ ടിക്കറ്റിന്റെ നമ്പര്‍ തെളിഞ്ഞു വരും. ടിക്കറ്റിലെ വില, ഓഫീസുകളില്‍ നിന്ന് ക്ലെയിം ചെയ്തിട്ടുള്ളതാണോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിലൂടെ മനസിലാക്കാം. ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ടാണ് ഈ സംവിധാനങ്ങള്‍.
ഭാഗ്യകേരളം എന്ന പേരില്‍ എന്‍ഐസിയാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്. പ്ലേ സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡു ചെയ്യാം. തിരുവനന്തപുരത്ത് ധനമന്ത്രി തോമസ് ഐസക് ആണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം www.statelottery.kerala.gov.in എന്ന പുതിയ വെബ്സൈറ്റും ലോട്ടിസ് എന്ന ഓഫീസ് ഓട്ടോമേഷന്‍ സോഫ്റ്റുവെയറും ലോഞ്ച് ചെയ്തു.
ഏജന്റുമാര്‍ക്ക് ഓണ്‍ലൈന്‍ ഇ ട്രഷറിയിലൂടെ പണം ഒടുക്കി ഓഫീസുകളില്‍ നേരിട്ടെത്തി ടിക്കറ്റെടുക്കുന്നതിനും ബാങ്ക് ഗ്യാരണ്ടിയില്‍ന്മേല്‍ ഏജന്റുമാര്‍ക്ക് ബംബര്‍ ലോട്ടറി ടിക്കറ്റുകള്‍ വില്‍പന നടത്തുന്നതിനും ലോട്ടിസില്‍ പ്രൊവിഷന്‍ നല്‍കിയിട്ടുണ്ട്. എന്‍ഐസിയാണ് ഈ സോഫ്‌റ്റ്വെയറും നിര്‍മ്മിച്ചിരിക്കുന്നത്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ഭാഗ്യക്കുറി മേഖല പുറത്തുകടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യത്തെ ആറു മാസം ലോട്ടറി വരുമാനം 4473 കോടി രൂപയായിരുന്നത് ഈ വര്‍ഷം ഇതേ കാലയളവില്‍ കാെറോണ മൂലം 1290 കോടി രൂപയായി ചുരുങ്ങിയതായി മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ വെബ്സൈറ്റിനൊപ്പം നിലവിലെ വെബ്സൈറ്റായ www.keralalotteries.com കുറച്ചുനാള്‍ കൂടി പ്രവര്‍ത്തിക്കും. ഭാവിയില്‍ നറുക്കെടുപ്പ് ഫലം തല്‍സമയം ലഭ്യമാകുന്ന സംവിധാനം പുതിയ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തും. കെല്‍ട്രോണ്‍ ആണ് വെബ്സൈറ്റ് തയ്യാറാക്കിയത്.














Discussion about this post