തിരുവനന്തപുരം: കേരളത്തില്‍ സിബിഐക്ക് കേസന്വേഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിച്ചാണ് വിജ്ഞാപനം. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ അനുമതി കൊടുക്കുന്ന കേസുകളില്‍ മാത്രമേ ഇനി സിബിഐ അന്വേഷണം സാധ്യമാകൂ. ഓരോ കേസും അന്വേഷിക്കാന്‍ സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടണം.അല്ലെങ്കില്‍ ഹൈക്കോടതിയുടേയോ സുപ്രീംകോടതിയുടെയോ ഉത്തരവുണ്ടാകണം. എന്നാല്‍, നിലവില്‍ അന്വേഷണം നടക്കുന്ന കേസുകളില്‍ നടപടികള്‍ തുടരാം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം ഏറ്റെടുത്തതോടെയാണു കേരളത്തിലും സിബിഐ അന്വേഷണത്തിനു വിലങ്ങിടാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങിയത്. തുടര്‍ന്നു പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ മാതൃകയില്‍ സിബിഐക്കു നല്‍കിയിരുന്ന പൊതു അനുമതി റദ്ദാക്കാനുള്ള നിയമവശങ്ങള്‍ പരിശോധിച്ചു. സിബിഐ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപം സിപിഎമ്മും സിപിഐയും അടക്കമുള്ള കക്ഷികള്‍ ഉയര്‍ത്തിയതിനു പിന്നാലെയാണു സര്‍ക്കാരും നീക്കമാരംഭിച്ചത്. ഡല്‍ഹി സ്‌പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് കേസുകളില്‍ സിബിഐ അന്വേഷണം നടത്തിവരുന്നത്.
Discussion about this post