തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറി. സംസ്ഥാനത്താകെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. പൊതുഗതാഗത സര്‍വ്വീസുകളും നിശ്ചലമായിരുന്നു. പണിമുടക്ക് പൊതുവില്‍ സമാധാനപരമാണ്.
എല്ലാ തൊഴില്‍ മേഖലയും നിശ്ചമായ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് അക്ഷരാര്‍ത്ഥത്തില്‍ ഹര്‍ത്താലായി മാറുകയായിരുന്നു. ഐ.ടി മേഖലയുടെ കൂടി പിന്തുണയോടെയായിരുന്നു പണിമുടക്ക്. മിക്കവരും വര്‍ക് ഫ്രം ഹോം സംവിധാനത്തിലായതിനാല്‍ ഐ.ടി മേഖലയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. കൊച്ചിയില്‍ സെസ് മേഖലയിലടക്കം ജീവനക്കാരുടെ എണ്ണം കുറഞ്ഞു. മറ്റിടങ്ങളില്‍ നിന്നെത്തി കൊച്ചി നഗരത്തില്‍ കുടുങ്ങിയവരെ പൊലീസ് വീടുകളിലെത്തിച്ചു.
സംസ്ഥാനത്തുടനീളം പൊതുഗതാഗതം നിശ്ചലമായിരുന്നു. എന്നാല്‍ എവിടെയും വാഹനങ്ങള്‍ തടയുകയോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. പണിമുടക്കിയ തൊഴിലാളികള്‍ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ ഇന്‍കം ടാക്‌സ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പണിമുടക്ക് വന്‍വിജയമാണെന്ന് യൂണിയന്‍ നേതാക്കള്‍ അവകാശപ്പെട്ടു.
സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ ഹാജര്‍ നില വളരെ കുറവാണ്. 4800-ലേറെ ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയത് 17 പേര്‍ മാത്രം. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്‌കൂട്ടറിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തലസ്ഥാന നഗരത്തില്‍ നടന്ന സമരപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. രാവിലെ തമ്പാനൂര്‍ ജംഗ്ഷനില്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ച ശേഷമാണ് റെയില്‍വേ ജീവനക്കാര്‍ ഡ്യൂട്ടിക്ക് പ്രവേശിച്ചത്.
Discussion about this post