തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ആവേശം നിറഞ്ഞ പോളിംഗ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. അഞ്ചു ജില്ലകളിലായി 72.67 ശതമാനം പോളിംഗ് നടന്നു. 2015 ല്‍ ഇത് 76.11 ശതമാനമായിരുന്നു. രാവിലെ ഏഴു മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടെങ്കിലും വൈകിട്ട് 3 നു ശേഷം തിരക്കു കുറഞ്ഞു.
ആലപ്പുഴയാണ് പോളിംഗ് ശതമാനത്തില്‍ മുന്നില്‍ – 77.11 %. ഒന്നാം ഘട്ടത്തിലെ കുറഞ്ഞ പോളിംഗ് തിരുവനന്തപുരത്തായിരുന്നു (69.61%).
തിരുവനന്തപുരത്ത് വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ കാരണം ചിലയിടങ്ങളില്‍ അല്പസമയം പോളിംഗ് നിറുത്തിവയ്ക്കേണ്ടി വന്നതൊഴിച്ചാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്ല. ചില്ലറ വാക്കുതര്‍ക്കങ്ങളൊഴികെ എവിടെയും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വൈകിട്ട് അഞ്ചു മുതല്‍ ആറു വരെ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായി വോട്ടുചെയ്യാന്‍ സൗകര്യം ഒരുക്കിയിരുന്നു. പത്തനംതിട്ട റാന്നിയിലും ആലപ്പുഴയില്‍ ഹരിപ്പാട്ടുമായി രണ്ടു വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണു മരിച്ചു.
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ നാളെയും 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വോട്ടെടുപ്പ് നടക്കും. 16 നാണ് വോട്ടെണ്ണല്‍.
ജില്ലകളിലെ പോളിംഗ് ശതമാനം
തിരുവനന്തപുരം- 69.61
കൊല്ലം- 73.28
പത്തനംതിട്ട- 69.68
ആലപ്പുഴ- 77.11
ഇടുക്കി- 74.49
തിരുവനന്തപുരം കോര്‍പ്പറേഷന്‍- 59.62
കൊല്ലം കോര്‍പ്പറേഷന്‍- 65.89














Discussion about this post