തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുമായുള്ള പരിചയം സംബന്ധിച്ച് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തള്ളി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്വപ്നയെ അറിയില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സ്പീക്കര്‍ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
സ്വപ്നയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. അതൊരു വീഴ്ചയാണെന്ന് സമ്മതിക്കാം. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും അവര്‍ സഹായമൊന്നും ചോദിച്ചിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. തന്റെ വിദേശയാത്രയില്‍ ഒരിക്കല്‍ പോലും സ്വപ്ന ഒപ്പമുണ്ടായിരുന്നില്ല. വിദേശത്ത് വച്ച് അവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരേ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഊഹാപോഹങ്ങള്‍ വച്ച് ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുന്നത് ജനാധിപത്യത്തിന് ചേരില്ല. വിമര്‍ശനത്തിന് വിധേയനാകാത്ത വിശുദ്ധ പശുവല്ല സ്പീക്കര്‍.
ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. സംസ്ഥാന നിയമസഭയുടെ പ്രവര്‍ത്തനത്തിന് ദേശീയ തലത്തില്‍ തന്നെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഒളിവും മറവും വച്ച് ഒരു പദ്ധതിയും ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
കടലാസ് രഹിത പദ്ധതി സ്വന്തം തീരുമാനപ്രകാരം നടപ്പാക്കിയതല്ല. കൂട്ടായ ആലോചന ഇക്കാര്യത്തില്‍ നടത്തിയിരുന്നു. വര്‍ഷം തോറും ഇതിലൂടെ 40 കോടി രൂപ സംസ്ഥാനത്തിന് ലാഭമുണ്ടാകും. ശങ്കരനാരായണന്‍ തമ്പി ഹാള്‍ പുതുക്കി പണിതത് ലോക കേരള സഭയുടെ അന്തസ് ഉറപ്പാക്കുന്നതിന് വേണ്ടിയാണ്. ഇക്കാര്യത്തിന് പ്രതിപക്ഷ അംഗങ്ങള്‍ പോലും അഭിനന്ദനം അറിയിച്ചു.
16.50 കോടി രൂപയുടെ ഭരണാനുമതിയുണ്ടായിരുന്ന പദ്ധതി 9.17 കോടിക്ക് പൂര്‍ത്തിയായി. ഊരാളുങ്കലിന് 30 ശതമാനം തുക മുന്‍കൂറായി നല്‍കിയത് ചട്ടങ്ങള്‍ പാലിച്ചാണെന്നും ഓരോ പദ്ധതിക്കും എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടമുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഏത് പദ്ധതികളെക്കുറിച്ചും നിയമസഭാ സമിതികള്‍ക്ക് അന്വേഷിക്കാമെന്നും സമിതികളില്‍ പ്രതിപക്ഷ അംഗങ്ങളും ഉണ്ടെന്നും രേഖകളൊന്നും മറച്ചുവയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഭാ ടിവി ധൂര്‍ത്തല്ല. അവിടെ ആര്‍ക്കും സ്ഥിര നിയമനം നല്‍കിയിട്ടില്ല.
തനിക്കെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെറ്റാണ്. അന്വേഷണ ഏജന്‍സികള്‍ക്കെതിരേ രാഷ്ട്രീയ ആരോപണം ഉന്നയിക്കാന്‍ തയാറല്ലെന്നും ഒരു തെറ്റും ചെയ്യാത്ത താന്‍ രാജിവയ്ക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.














Discussion about this post